കൊട്ടാരക്കര: മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയപ്പോൾ മാറിപ്പോയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. താലൂക്ക് ആശുപത്രിയിലെ ലയൺസ് ക്ലബിലെ മോർച്ചറിലാണ് മൃതദേഹങ്ങൾ മാറി നൽകിയത്.
കലയപുരം ആശ്രയയിൽ നിന്നെത്തിച്ച അജ്ഞാത സ്ത്രീയുടേത് ഉൾപ്പടെ മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങളാണ് മോർച്ചറിയിൽ ഉണ്ടായിരുന്നത്. ഇതിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹമെന്ന് കരുതി ബന്ധുക്കളുള്ള സ്ത്രീയുടെ മൃതദേഹമാണ് ആശ്രയയ്ക്ക് നൽകിയത്. അവർ ദിവസങ്ങൾക്ക് മുൻപ് പോളയത്തോട് ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
ഇന്ന് രാവിലെ മോർച്ചറിലുണ്ടായിരുന്ന മാറനാട് സ്വദേശിനിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയപ്പോൾ മറ്റൊരു മൃതദേഹമാണ് വിട്ടു നൽകിയത്. ഇതേതുടർന്നാണ് പ്രതിഷേധമുയർന്നത്. എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ലയൺസ് മോർച്ചറിയിലെ മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി ലയൺസ് മോർച്ചറി പൂട്ടി സീൽ ചെയ്തു.
ആശുപത്രി അധികൃതരുടെ നിയന്ത്രണമില്ലാതെയാണ് ലയൺസ് മോർച്ചറി പ്രവർത്തിക്കുന്നതെന്ന് സൂപ്രണ്ട് ബിജു നെൽസൺ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.