ബ്രസീലിയ: ദിവസവും നിരവധി മൃതദേഹങ്ങൾ കാണുകയും ഏറെസമയം ശ്മശാനത്തിൽ കഴിയുകയും ചെയ്യുന്ന ശ്മശാനജീവനക്കാർ പേടിതൊണ്ടന്മാർ ആയിരിക്കില്ല. മറ്റുള്ളവരെ അപേക്ഷിച്ച് നല്ല മനക്കരുത്തുള്ളവർ ആയിരിക്കും. എന്നാൽ, ബ്രസീലിലെ സാവോ ജോസിൽ ശ്മശാനജീവനക്കാരനായ ഒരാൾ മോർച്ചറിയിൽ ഒരു മൃതദേഹം കണ്ടവഴി ഇറങ്ങിയോടി.
90 വയസുള്ള ഒരു സ്ത്രീയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ആശുപത്രി മോർച്ചറിയിൽ എത്തിയതായിരുന്നു ജീവനക്കാരൻ. നോർമ സിൽവേര ഡാ സിൽവ എന്നാണ് സ്ത്രീയുടെ പേര്.
കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിൽവേര മരിച്ചതായി ഡോക്ടർമാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്നു ശരീരം ബോഡിബാഗിലാക്കി മോർച്ചറിയിലേക്കു മാറ്റി. വീട്ടുകാർ സംസ്കാരത്തിനുള്ള ഒരുക്കങ്ങളും നടത്തി.
രാത്രി 11.40 നായിരുന്നു മരണം. മോർച്ചറിയിൽനിന്നു മൃതദേഹം എടുക്കുന്നതിനായി പുലർച്ചെ 1.30ന് ശ്മശാനജീവനക്കാരൻ മോർച്ചറിയിൽ എത്തി. മൃതദേഹം സൂക്ഷിച്ചിരുന്ന ബാഗ് തുറന്ന അയാൾ നടുങ്ങിപ്പോയി.
ശ്വസിക്കാൻ കഷ്ടപ്പെടുന്ന സ്ത്രീയെയാണ് അയാൾക്ക് ബാഗിനുള്ളിൽ കാണാനായത്. ജീവനക്കാരൻ ഓടി പുറത്തിറങ്ങി ആശുപത്രി അധികൃതരെ വിവരമറിയിച്ചു.
ഐസിയുവിൽ പ്രവേശിപ്പിച്ച് സ്ത്രീക്ക് അടിയന്തരശുശ്രൂഷ നൽകിയെങ്കിലും പിറ്റേന്ന് അവർ മരണത്തിനു കീഴടങ്ങി. ആശുപത്രിയുടെ കണക്കിൽ രണ്ടാം മരണം..! ഡോക്ടർമാരുടെ അശ്രദ്ധയും പിഴവും ചൂണ്ടിക്കാട്ടി സ്ത്രീയുടെ കുടുംബം കേസ് കൊടുത്തിരിക്കുകയാണ്.