പെരുന്പാവൂർ: കോട്ടപ്പാറ വനത്തിലെ പെരിയാറിൽ വികൃതമായ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തയ സംഭവത്തിൽ കഴിഞ്ഞ ഒരാഴ്ചയായിട്ടും ആളെ തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ 31നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമായി നടക്കുന്നുണ്ടെങ്കിലും സ്ത്രീയെ തിരിച്ചറിയാനാകാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. സ്ത്രീയെ തിരിച്ചറിയുന്നതിന് ഇവരുടെ ഡിഎൻഎ ടെസ്റ്റിന്റെ ഫലം കാത്തിരിക്കുകയാണ് പോലീസ്.
നഗ്നമായിരുന്ന മൃതദേഹത്തിൽ വലതു കൈ ഇല്ലാത്ത നിലയിലായിരുന്നു. ഒരാഴ്ചയോളം പഴക്കമുണ്ടായിരുന്ന മൃതദേഹത്തിൽനിന്നും ദുർഗന്ധം വമിച്ചിരുന്നു. വനത്തിൽ അയനിച്ചാലിനടുത്ത് വെള്ളക്കുഴി ഭാഗത്ത് പുഴയിലെ പാറയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലായിരുന്നതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കരുതുന്നത്. കൊലപാതകമാണോയെന്നും സംശയമുയർന്നിട്ടുണ്ട്.
എന്നാൽ, ഇതുസംബന്ധിച്ച വ്യക്തത ലഭിക്കണമെങ്കിൽ സ്ത്രീയെ തിരിച്ചറിയേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ത്രീയുടെ ഗർഭപാത്രം നീക്കം ചെയ്യപ്പെട്ടിട്ടുള്ളതായി പറയുന്നുണ്ടെന്ന് കേസ് അന്വേഷിക്കുന്ന കുറുപ്പുംപടി സിഐ പറഞ്ഞു. കൂടാതെ തലയ്ക്കു പിന്നിലായി ഒരു മുഴയും ഉണ്ട്. മൃതദേഹം കഴിഞ്ഞ ഒന്നിന് എറണാകുളം പുല്ലേപ്പടി ശ്മശാനത്തിൽ സംസ്കരിച്ചു.
പ്രത്യക്ഷത്തിൽ ഇതൊരു കൊലപാതകമാണെന്ന് പറയാൻ സാധിക്കില്ലെന്നും സ്ത്രീയെ തിരിച്ചറിഞ്ഞാൽ മാത്രമേ ഇതിനുള്ള സാധ്യതകൾ കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലും മറ്റും നിന്നും കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണങ്ങൾ നടത്തിയിരുന്നു. കാണാതായവരുടെ ബന്ധുക്കളെ വിളിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു.എന്നാൽ മരിച്ച സ്ത്രീയുമായി ഇവർക്ക് ബന്ധമില്ലെന്നാണ് തെളിഞ്ഞതെന്നു പോലീസ് പറഞ്ഞു.