ശവസംസ്കാര ചടങ്ങുകൾക്കു ധാരാളം പണം വേണ്ടിവരുമെന്ന കാരണത്താൽ സ്വന്തം പിതാവിന്റെ മൃതദേഹം മകൻ ആരുമറിയാതെ രണ്ടു വർഷത്തോളം വീട്ടിലെ വാർഡ്രോബിൽ ഒളിപ്പിച്ചു. ജപ്പാൻ സ്വദേശിയായ നൊബുഹിക്കോ സുസുക്കി എന്ന 56കാരനാണ് ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തത്.
ടോക്കിയോയിൽ ചൈനീസ് റസ്റ്ററന്റ് നടത്തുകയാണ് ഇയാൾ. ഏതാനും ദിവസം തുടർച്ചയായി റസ്റ്ററന്റ് തുറക്കാതെ വന്നതോടെ, പ്രദേശവാസികളുടെ പരാതിപ്രകാരം പോലീസ് ഇയാളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ഒരു മുറിക്കുള്ളിലെ വാർഡ്രോബിൽ പിതാവിന്റെ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു.
സംസ്കാരത്തിന് വലിയ തുക ചെലവ് വരുമെന്നതിനാൽ മൃതദേഹം ഒളിപ്പിക്കുകയാ യിരുന്നെന്നാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. ജപ്പാനിൽ ശവസംസ്കാരച്ചെലവ് ഏഴു ലക്ഷത്തോളം രൂപ വരുമെന്നാണു വിവരം.
2023 ജനുവരിയിലാണ് 86 വയസുള്ള ഇയാളുടെ അച്ഛൻ മരിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മരിച്ചുകിടക്കുന്ന നിലയിൽ കാണുകയായിരുന്നുവെന്നും പിതാവ് എങ്ങനെയാണു മരിച്ചതെന്ന് തനിക്കറിയില്ലെന്നും സുസുക്കി പറയുന്നു.
പിതാവിന്റെ മരണശേഷം സുസുക്കി അദ്ദേഹത്തിന്റെ പെൻഷൻ കൈപ്പറ്റിയിരുന്നെന്നു കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നു സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.