ചാത്തന്നൂർ: ആൾ താമസമില്ലാത്ത കാട് നിറഞ്ഞ പുരയിടത്തിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ അസ്വഭാവികതയില്ലെന്നാണു പ്രാഥമിക നിഗമനമെന്ന് പോലീസ്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ചാത്തന്നൂർ ചിറക്കര ഉളിയനാട് കോളനിയിൽ പൊയ്കയിൽ സന്തോഷ് ഭവനിൽ ഷിജു(38) വിന്റെ മൃതദേഹമാണ് പുരയിടത്തിൽനിന്നു കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് റോഡിലൂടെ പോയവർ സംശയത്തെ തുടർന്ന് പുരയിടത്തിൽ കയറി നോക്കിയപ്പോഴാണ് കുറ്റിക്കാട്ടിൽമൃതദേഹം കണ്ടത് തുടർന്ന് നാട്ടുകാർ വസ്തു ഉടമസ്ഥനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
ചാത്തന്നൂർ പോലീസ് സ്ഥലത്തെ ത്തി മൃതദേഹ പരിശോധന നടത്തി. അഞ്ചു ദിവസത്തോളം പഴക്കം തോന്നിക്കും. ശരീരാവയവങ്ങൾ നായകളോ കുറുക്കന്മാരോ കടിച്ചുകീറിയ നിലയിലായിരുന്നു. ഒരു കാലും കാൽ പാദവും രണ്ട് കൈപ്പത്തികളും ഇല്ലായിരുന്നു. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പോലീസ് നായ മൃതദേഹം കിടന്ന സ്ഥലത്തു നിന്നും ടാർ ചെയ്തറോഡു വരെ എത്തി നിന്നു. ചാത്തന്നൂർ എ സി പി ബൈജുവി നായർ, എസ് എച്ച് ഒ വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിൽ ചാത്തന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അസ്വഭാവികത ഒന്നും ഇല്ലാത്തതിനാൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
നാല് ദിവസമായി മരിച്ച ഷിജുവിനെ കാണാനില്ലാഞ്ഞിട്ടും ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നില്ല. ഷിജുഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും ആന്തരാവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ചാത്തന്നൂർ എസിപി ബൈജു വി നായർ പറഞ്ഞു.
ഈ മൃതദേഹം കണ്ട സ്ഥലത്തിന് സമീപം ആറ് മാസം മുമ്പ് കുറ്റിക്കാട്ടിൽ ഉളിയനാട് സ്വദേശി സുരേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. അത് അഞ്ചു ദിവസ ത്തോളം പഴക്കമുള്ളതും ശരീരാവയവങ്ങൾ മൃഗങ്ങൾ ഭക്ഷിച്ച നിലയിലുമായിരുന്നു.
സുരേഷിനെ കൊലപ്പെടുത്തിയ ബംഗാൾ സ്വദേശിയെ ഒരാഴ്ചയ്ക്കകം ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷിജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ സന്ധ്യ.മക്കൾ : രാമനാഥൻ, ഗംഗ.