സിജോ പൈനാടത്ത്
കൊച്ചി: എന്തിനും വിലനിര്ണായാവകാശമുള്ള സര്‍ക്കാര്‍ അനാഥ മൃതദേഹങ്ങള്‍ക്കും വില നിശ്ചയിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന അനാഥ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജുകള്‍ക്കു കൈമാറാന്‍ കൊടുക്കേണ്ടത് 40000 രൂപ.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാത്രം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വില ഈടാക്കി കൈമാറിയത് 158 മൃതദേഹങ്ങളെന്നു വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്.
2017 ഓഗസ്റ്റ് ഒന്നു മുതല്‍ 2021 ഒക്ടോബര്‍ 31 വരെ ജനറല്‍ ആശുപത്രിയില്‍ അവകാശികളില്ലാതെ എത്തിയത് 267 മൃതദേഹങ്ങളാണ്. ഇതില്‍ 154 മൃതദേഹങ്ങള്‍ വിവിധ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കാണു നല്‍കിയത്.
രണ്ടെണ്ണം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു കൈമാറിയെന്നും വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകള്‍ പറയുന്നു.ഒരു മൃതദേഹത്തിനു 40,000 രൂപയാണ് ഈടാക്കിയത്.
മൃതദേഹങ്ങള്‍ കൈമാറിയ ഇനത്തില്‍ ജനറല്‍ ആശുപത്രിയ്ക്കു കഴിഞ്ഞ നാലു വര്‍ഷം കൊണ്ടു ലഭിച്ചത് 62,40,000 രൂപയാണ്.
മോര്‍ച്ചറിയുടെയും ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക ഉപയോഗിക്കുന്നതെന്നു എറണാകുളം ജനറല്‍ ആശുപത്രി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി. ശ്രീകുമാര്‍ വ്യക്തമാക്കി.
മൃതദേഹങ്ങള്‍ കൈമാറിയതിലൂടെ കിട്ടിയ തുകയില്‍ 57.43 ലക്ഷം രൂപ ജനറല്‍ ആശുപത്രിക്കു നീക്കിയിരിപ്പുണ്ട്. സര്‍ക്കാര്‍ ചട്ടങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് അനാഥ മൃതദേഹങ്ങള്‍ പഠന ആവശ്യത്തിനു മെഡിക്കല്‍ കോളജുകള്‍ക്കു നല്‍കുന്നതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.
ആശങ്കപ്പെടുത്തുന്ന സ്ഥിതി
തെരുവുകളില്‍ ആരോരുമില്ലാതെ അനാഥര്‍ മരിക്കുന്നതും അനാഥമൃതദേഹങ്ങളുടെ എണ്ണം കൂടിവരുന്നതും ആശങ്കപ്പെടുത്തുന്നതെന്നു വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാല പറഞ്ഞു. അനാഥരെ സംരക്ഷിക്കാന്‍ സ്ഥാപനങ്ങളേറെയുള്ള കേരളത്തിലാണ് ഇതു സംഭവിക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.