കണ്ണൂർ: നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് തയാറാകാത്തതിനെ തുടർന്ന് മൃതദേഹംമണിക്കൂറുകളോളം റോഡരികിലെ പറമ്പിൽ കിടന്നു.
ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. കണ്ണൂർ മുനീശ്വരൻ കോവിലിനു സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിന്റെ ഒഴിഞ്ഞ പറമ്പിലാണ് 55 വയസു തോന്നിക്കുന്ന പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കുന്ന 108 നമ്പർ ആംബുലൻസിൽ നാട്ടുകാർ ഫോൺ ചെയ്ത് അറിയിച്ചെങ്കിലും മരിച്ചയാളെ ആബുലൻസിൽ കയറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ഇതേത്തുടർന്ന് രണ്ടര മണിക്കൂറോളം മൃതദേഹം റോഡരികിലെ പറമ്പിൽ കിടന്നു. കോവിഡ് വ്യാപനം കൂടിയതോടെയാണ് 108 നമ്പർ ആംബുലൻസുമായി നാട്ടുകാർ ബന്ധപ്പെട്ടത്.
തുടർന്ന് സന്നദ്ധ പ്രവർത്തകർ ഇടപെട്ട് മറ്റൊരു ആംബുലൻസ് വരുത്തിയാണ് മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റിയത്. മരിച്ചയാളെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു.
വ്യക്തമായ മേൽവിലാസമോ താമസ സ്ഥലമോ അറിയില്ലെങ്കിലും നഗരത്തിൽ കറങ്ങി നടക്കുന്നയാളാണെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം ഇൻക്വസ്റ്റ് ചെയ്യും. മരിച്ചയാളുടെ ബന്ധുക്കൾ എത്തുമെന്നാണ് പോലീസ് കരുതുന്നത്.