കോട്ടയം: കോട്ടയത്ത് കോവിഡ് ബാധിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ ബിജെപി പുലിവാൽ പിടിച്ച സ്ഥിതി. സംഭവം വഷളാക്കിയ കോട്ടയം നഗരസഭയിലെ ബിജെപി കൗണ്‍സിലർക്കെതിരേ പാർട്ടിയിൽത്തന്നെ പലർക്കും അമർഷം.
കോവിഡിനെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കാൻ ഉത്തവാദിത്വമുള്ള കൗൺസിലറുടെ നേതൃത്വത്തിൽ തന്നെ ജനങ്ങളെ ഇളക്കിയത് പാർട്ടിക്കു ക്ഷീണമായി എന്നാണ് വിലയിരുത്തൽ.
കോവിഡ് ബാധിതരോട് സഹാനുഭൂതിയോടെ ഇടപെടണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽതന്നെ നടന്ന പ്രതിഷേധം പാർട്ടിക്കു നാണക്കേടായി എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൗണ്‍സിലർ ടി. എൻ. ഹരികുമാറിന്റെ നേതൃത്വത്തിലാണ് പ്രദേശവാസികൾ മൃതദേഹം മുട്ടന്പലത്തെ ശ്മശാനത്തിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞു പ്രതിഷേധം സംഘടിപ്പിച്ചത്.
സംഭവത്തിൽ ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന 30പേർക്കെതിരെയും കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. ദുരന്ത നിവാരണ നിയമപ്രകാരം, സംഘം ചേരൽ, പോലീസിന്റെ ഒൗദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുട്ടന്പലം ശ്മശാനത്തിൽ കോവിഡ് രോഗികളുടെ സംസ്കാരം അനുവദിക്കില്ലെന്നു പറഞ്ഞ് സമരം നടത്തിയത് വേണ്ടത്ര ആലോചന ഇല്ലാതെയാണെന്നു പാർട്ടി വൃത്തങ്ങളും ചൂണ്ടിക്കാണിക്കുന്നു.
പെന്തക്കോസ്ത് വിഭാഗത്തിൽപ്പെട്ട വ്യക്തിക്ക് അദ്ദേഹത്തിന്റെ സഭയുടെ സെമിത്തേരിയിൽ കുഴിയെടുത്തു സംസ്കരിക്കാൻ സൗകര്യം ഇല്ലാതെ വന്നതോടെയാണ് മുട്ടന്പലത്തു സംസ്കരിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
വീട്ടിൽ സംസ്കാരം നടത്താൻ സൗകര്യങ്ങളില്ലാത്ത നൂറുകണക്കിനു നാനാജാതി മതസ്ഥർ അടക്കമുള്ള കുടുംബങ്ങൾ ആശ്രയിക്കുന്ന ഇടമാണ് മുട്ടന്പലം വൈദ്യുത ശ്മശാനം. ഇവിടെ സംസ്കാരം ഇപ്പോൾ തടഞ്ഞാൽ ഭാവിയിൽ അതു ബിജെപിയെ അനുകൂലിക്കുന്ന വിഭാഗങ്ങൾക്കു വരെ തിരിച്ചടിയാകുമെന്നും പാർട്ടിയിൽ വിലയിരുത്തലുണ്ടായി.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ശ്വാസംമുട്ടലിനെത്തുടർന്ന് ചികത്സിയിലിരിക്കെയാണ് ശനിയാഴ്ച വൈകുന്നേരം ചുങ്കം നടുമാലിൽ ഒൗസേപ്പ് ജോർജ് (83) മരിച്ചത്.
മെഡിക്കൽ കോളജ് മൈക്രോ ബയോളജി വിഭാഗത്തിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഒൗസേപ്പ് ജോർജിനു കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് ഇദേഹത്തിന്റെ ഇടവകയായ ചുങ്കത്തെ അസംബ്ലീസ് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അടക്കം ചെയ്യാനാകാതെ വന്നതോടെയാണ് ബന്ധുക്കൾ മൃതദേഹം മുട്ടന്പലം പൊതു ശ്മശാനത്തിൽ സംസ്കരിക്കാൻ തീരുമാനിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞതോടെയാണ് പ്രതിഷേധ സംഭവങ്ങൾ അരങ്ങേറിയത്. ബിജെപി കൗണ്‍സിലർ ടി. എൻ. ഹരികുമാറായിരുന്നു ഇതിന് ആളെക്കൂട്ടിയത്. സമീപവാസികൾക്കു പുറമേ പുറത്തുനിന്നും കൂടി ആളുകളെത്തിയതോടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു.
സാമൂഹിക അകലം പാലിക്കപ്പെട്ടില്ല. പൊതുവഴി തടഞ്ഞു ശ്മശാനത്തിന്റെ കവാടത്തിനു വേലികെട്ടി. സ്ഥലത്തെത്തിയ പോലീസ് ഇവർ കെട്ടിയ വേലി പെളിച്ചുമാറ്റി. മണിക്കൂറുകളോളം സ്ഥലത്ത് പ്രതിഷേധം തുടർന്നു.
ചർച്ചയ്ക്കെത്തിയ തഹസിൽദാറോടും പോലീസ് ഉദ്യോഗസ്ഥരോടും കൗണ്‍സിലർ പലതവണ തട്ടിക്കയറിയതായും ആരോപണമുണ്ട്. മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന കൗണ്‍സിലറുടെ പ്രഖ്യാപനത്തെ പ്രതിഷേധക്കാർ കൈയടിയോടെ സ്വീകരിക്കുന്നതും കാണാമായിരുന്നു.
ബിജെപി കൗണ്‍സിലറുടെ കോവിഡ് പ്രതിരോധ ചട്ടങ്ങൾ ലംഘിച്ചു നടത്തിയ സമരത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ബിജെപി നേതൃത്വത്തിലും കൗണ്‍സിലറുടെ നടപടിക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.
ശ്മാശനത്തിലെ ചൂളയിൽ മൃതദേഹം ദഹിപ്പിക്കുന്പോൾ വരുന്ന പുകയിലൂടെ അണുബാധയുണ്ടാകുമെന്നാണ് പ്രതിഷേധക്കാരിൽ ചിലർ പറഞ്ഞത്. കോട്ടയം ഈസ്റ്റ് പോലീസും റവന്യൂ അധികൃതരും എത്തി ചർച്ച നടത്തിയിട്ടും കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്ന സ്ത്രീകൾ പിൻമാറിയില്ല.
രാത്രി 12നു ശേഷം സംസ്കാരം നടത്താമെന്ന് പറഞ്ഞിട്ടും സ്ത്രീകൾ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. തുടർന്നു തത്ക്കാലത്തേക്കു സംസ്കാരം മാറ്റിവയ്ക്കുകയാണെന്ന് പറഞ്ഞതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.
അർധരാത്രിയിൽ നാടകീയ നീക്കം
ഇന്നലെ മണിക്കൂറുകൾ നീണ്ടനിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ വൻ പോലീസ് സന്നാഹത്തിലാണ് രാത്രി 11നു മൃതദേഹം മുട്ടന്പലം ശ്മാശനത്തിൽ സംസ്കരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നിർണായക നീക്കമുണ്ടായത്.
വിവാദമുണ്ടാക്കിയ പ്രതിഷേധക്കാർ ഉറങ്ങിയതോടെ ജില്ലാ ഭരണകൂടം നടപടികളുമായി രംഗത്തെത്തുകയായിരുന്നു. ഇവിടുത്തെ പിടിവാശിക്കു വഴങ്ങിക്കൊടുത്താൽ പലയിടത്തും സംസ്കാരത്തിന് ഇതേപോലുള്ള പ്രതിഷേധങ്ങൾ ഉയരുമെന്നു കണക്കിലെടുത്താണ് രാത്രി മുട്ടന്പലത്തു തന്നെ സംസ്കാരം നടത്തിയത്.
ആദ്യം പ്രദേശത്തു വൻ പോലീസ് സന്നാഹം എത്തി. ഇവിടുത്തെ ലൈറ്റുകൾ എല്ലാം ഓഫാക്കി. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസിലെ സംഘം സ്ഥലത്തെത്തി. ഫയർഫോഴ്സ് വാഹനമെത്തി അണുനശീകരണം നടത്തി.
രാത്രി 10നു മെഡിക്കൽ കോളജിൽനിന്ന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം കൈമാറി. വാഹനങ്ങൾ മുട്ടന്പലം ശ്മാശനത്തിൽ എത്തിയശേഷം ലൈറ്റുകൾ ഓഫാക്കിയാണ് ഉള്ളിലേക്കു പ്രവേശിച്ചത്. സംഭവറിഞ്ഞു പ്രതിഷേധക്കാർ ഉണർന്നു വീണ്ടും സംഘടിച്ചെത്തിയെങ്കിലും പോലീസ് ഇവരെ തടഞ്ഞു.
തുടർന്നു അധികൃതർ വേഗത്തിൽ നടപടിക്രമം പൂർത്തിയാക്കി മടങ്ങുകയും ചെയ്തു. കെകെ റോഡ് മുതൽ ശ്മശാനം വരെയുള്ള ഭാഗത്തു മതിൽ തീർത്തു പോലീസ് സംഘവും കാവൽ നിന്നിരുന്നു. എആർ ക്യാന്പിൽനിന്നടക്കം മുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലത്തു വിന്യസിച്ചിരുന്നത്. സംസ്കാര ചടങ്ങുകൾ 11.16ന് അവസാനിച്ചു.
അനാദരവ് കാണിച്ചില്ലെന്ന് ഹരികുമാർ
മൃതദേഹത്തോട് അനാദരവ് പ്രകടിപ്പിച്ചിട്ടില്ലെന്നും പ്രദേശവാസികളുടെ ആശങ്കയും ബുദ്ധിമുട്ടും ജില്ലാ ഭരണകൂടത്തെ അറിയിക്കാനാണ് ശ്രമിച്ചതെന്നും കോട്ടയം നഗരസഭ കൗണ്‍സിലർ ടി.
എൻ. ഹരികുമാർ. ജനപ്രതിനിധിയായ താൻ ഉൾപ്പെടെയുള്ളവരെ അറിയിക്കാതെയാണ് ജില്ലാ ഭരണകൂടം മൃതദേഹം സംസ്കരിച്ചത്. പൊതു ശ്മശാനത്തിലെ ജീവനക്കാരനെ പോലും വിവരമറിയിച്ചത് അവസാന നിമിഷമാണ്.
കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിന് ആവശ്യമായ മുൻകരുതൽ ജില്ലാ ഭരണകൂടം രാത്രിയിൽ സ്വീകരിച്ചിരുന്നില്ലെന്നും ടി.എൻ. ഹരികുമാർ കുറ്റപ്പെടുത്തി.
രണ്ടു സെന്റിൽ താമസിക്കുന്ന 56 കുടുംബങ്ങളാണ് ഇവിടെയുള്ളത്. കുട്ടികളും വൃദ്ധ ജനങ്ങളുമുൾപ്പെടെയുള്ളവർ വീടുകളിലുണ്ട്. ഇത്തരം നടപടി ആവർത്തിക്കാതിരിക്കാൻ ജില്ലാ ഭരണകൂടം ക്രമീകരണങ്ങൾ
ഏർപ്പെടുത്തണമെന്നും കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേങ്ങൾ സംസ്കരിക്കാൻ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങൾ കണ്ടെത്തണമെന്നും നഗരസഭ കൗണ്‍സിലർ ടി.എൻ. ഹരികുമാർ ആവശ്യപ്പെട്ടു.