വൈക്കം: വേന്പനാട്ടു കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സൂചനയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെയാണ് ചെന്പ് പഞ്ചായത്ത് 13-ാം വാർഡിലെ കാട്ടാന്പള്ളി കായലോര ഭാഗത്ത് രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കായലിൽ മൽസ്യബന്ധനത്തിനു പോകാൻ വന്ന മൽസ്യതൊഴിലാളികൾ മൃതദേഹം കണ്ടതിനെ തുടർന്നു പോലീസിൽ അറിയിക്കുകയായിരുന്നു.
മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുള്ളതിനാൽ കിലോമീറ്ററുകൾ ദൂരത്തുനിന്ന് മൃതദേഹം ഒഴുകിയെത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തിൽ മൽസ്യങ്ങൾ കൊത്തിയ നിലയിൽ കണ്ടെത്തിയതും മൃതദേഹം ഒഴുകിയെത്തിയതിനാലാണെന്ന് പോലീസ് പറയുന്നു.
കുഞ്ഞു ജനിച്ചതുമായി കണക്കാക്കിയുള്ള കാലയളവിൽ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന പ്രസവങ്ങളെക്കുറിച്ചു പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
ആശുപത്രികളിൽ നടന്ന പ്രസവങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾ മാതാപിതാക്കൾക്ക് ഒപ്പമുണ്ടോയെന്നും ആശുപത്രിയിലെത്താതെ സ്വാഭാവികമായി പ്രസവം നടന്ന ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി ആരെങ്കിലും കായലിൽ തള്ളിയതാണോയെന്നും അന്വേഷിക്കും.
കുഞ്ഞിന്റെ പൊക്കിൾകൊടി വിട്ടു പോകാത്തതിനാൽ വീട്ടിൽ തന്നെ പ്രസവം നടന്നതാണെന്ന സംശയവും പോലീസിനുണ്ട്. കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷമേ യഥാർഥ മരണകാരണം വ്യക്തമാക്കാൻ സാധിക്കൂ.
നിലവിൽ അസ്വാഭിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൈക്കം എസ്എച്ച്ഒ എസ്. പ്രദീപ്, എസ്ഐ ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.