ഭക്ഷണം വാങ്ങുമ്പോൾ പുഴു, പാറ്റ തുടങ്ങിയ ജീവികളെ കിട്ടിയ സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഡൽഹിയിലെ മദ്രാസ് കോഫി ഹൗസിൽ നിന്ന് വാങ്ങിയ ദോശയിൽ നിന്ന് ഒന്നും രണ്ടുമല്ല എട്ട് പാറ്റകളെയാണ് യുവതിക്ക് ലഭിച്ചത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് യുവതി തുറന്നു പറഞ്ഞിരിക്കുന്നത്. ഡൽഹി കൊണാട്ട്പ്ലേസിലാണ് സംഭവം. കഴിച്ച് തുടങ്ങിയതിന് ശേഷമാണ് ദോശയിൽ കറുപ്പ് നിറത്തിൽ എന്തോ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇഷാനി എന്ന യുവതി പാറ്റകളാണ് അത് എന്ന് തിരിച്ചറിഞ്ഞത്.
തന്റെ സുഹൃത്തിനോട് ഉടൻ തന്നെ സംഭവത്തിന്റെ വീഡിയോ എടുക്കാനും യുവതി ആവശ്യപ്പെട്ടു. ഇതിനിടയിൽ കോഫി ഹൗസിലെ സ്റ്റാഫിലൊരാൾ എത്തി ദോശ എടുത്തുകൊണ്ടുപോയി.
തുടർന്ന് യുവതി കോഫി ഹൗസിൽ വച്ച് തന്നെ പോലീസിനെ വിളിക്കുകയും റെസ്റ്റോറന്റിന് എതിരെ പരാതി നൽകുകയും ചെയ്തു. സംഭവത്തെ കുറിച്ച് പറയാതിരിക്കാൻ തനിക്ക് റെസ്റ്റോറന്റ് ഉടമകൾ പണം വാഗ്ദാനം ചെയ്തിരുന്നതായും യുവതി പറഞ്ഞു. പിന്നാലെ സംഭവത്തിൽ ക്ഷമ ചോദിച്ച് മദ്രാസ് കോഫി കഫേ പ്രതികരിച്ചു.