സ്വന്തം ലേഖകൻ
കോഴിക്കോട്: ശരീരത്തിൽ നിന്നും കൈയും കാലും കഴുത്തും വെട്ടി മാറ്റിയ നിലയിലുള്ള മൃതദേഹം ചാക്കിൽ കെട്ടി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തൽ തുന്പു കിട്ടാതെ പോലീസ് വലയുന്നു. കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് എത്തിയെങ്കിലും പല ചോദ്യങ്ങൾക്കുമുള്ള ഉത്തരത്തിനായി പോലീസ് നട്ടം തിരിയുകയാണ്. കഴിഞ്ഞ ആറിനാണ് കാരശേരി ഗേറ്റും പടി തൊണ്ടിമ്മൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.
കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന് വീണ്ടും കേസെടുക്കാൻ പോലീസ് തയാറായത്. അതിനിടെ ചാലിയത്ത് കണ്ടെത്തിയ രണ്ടു കൈകളും ഇതേ ശരീരത്തിൽ നിന്നും വെട്ടി മാറ്റിയതാകാമെന്ന സൂചനയാണ് ഡോക്ടർമാർ നൽകുന്നതെന്ന് കൊടുവള്ളി സിഐ കെ. ബിശ്വാസ് പറഞ്ഞു. ജൂൺ 28, ജൂലൈ 1 തിയ്യതികളിലാണ് ചാലിയം കടൽ തീരത്ത് നിന്ന് വെട്ടിമാറ്റിയ കൈകൾ ലഭിച്ചിരുന്നത്. ശരീരത്തിലെ മുറിവിന്റെ അടയാളവും കടൽ തീരത്ത് നിന്ന് ലഭിച്ച കൈകളിലെ മുറിവിന്റെ അടയാളവും ഏറെ സാമ്യമുള്ളതാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. എന്നാൽ ഇതിൽ അന്വേഷണ സംഘം ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല.
ശരീര ഭാഗത്തിന്റെ സാന്പിളും കൈകളുടെ സാന്പിളും തിരുവനന്തപുരത്ത് ഡിഎൻഎ പരിശോധനയ്ക്കായി സംഘം അയച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനയുടെ ഫലം ലഭിച്ചാൽ മാത്രമേ ശരീരഭാഗവും കൈകളും ഒരാളുടേതാണെന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും സിഐ പറഞ്ഞു. അതേസമയം ശരീരത്തിന്റെ തല ഇതു വരെ ലഭിച്ചിട്ടില്ലാത്തതും മറ്റു തുന്പുകൾ ഒന്നും പോലീസിന് ലഭിക്കാത്തതും അന്വേഷണത്തനെ കുഴയ്ക്കുകയാണ്. കാണാതായവരെ കുറിച്ച് വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ കേന്ദ്രീകരിച്ചാണ് നേരത്തെ പോലീസ് അന്വേഷിച്ചിരുന്നത്.
എന്നാൽ കേരളത്തിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും ഇത്തരം അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ലെന്ന് സിഐ ബിശ്വാസ് പറഞ്ഞു. സമീപ ജില്ലകളിലെ സ്റ്റേഷനുകളിൽ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പുറമെ കാണാതായവരെ കുറിച്ച് പരാതിയില്ലാത്ത സംഭവങ്ങളും അന്വേഷിച്ചെങ്കിലും ഈ സംഭവവുമായി ബന്ധിപ്പിക്കാവുന്ന ഒരു സൂചനയും ലഭിച്ചില്ല. ഇതിന് പുറമെ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും ഇപ്പോൾ അന്വേഷണം നടക്കുന്നതായി സിഐ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാന്പിലും അവരെ നാട്ടിൽ ജോലിക്കെത്തിക്കുന്നവരുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തി വരികയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കുകൾ കൃത്യമല്ലാത്തതും പോലീസിനെ വലയ്ക്കുന്നുണ്ട്. നേരത്തെ കണെക്കെടുക്കാൻ ചില ശ്രമങ്ങൾ നടത്തിയങ്കിലും അതും പരാജയപ്പെട്ടുകയായിരുന്നു. മലയോര മേഖലയിൽ ഉൾപ്പെടെ കള്ളപ്പണ സംഘങ്ങളുടെ കേന്ദ്രമായതിനാൽ പണമിടപാട് നടത്തിയതിന് ശേഷം കൊലപാതകം നടത്തിയതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കൃത്യം നടന്ന് ദിവസങ്ങൾ കഴിഞ്ഞതിനാലും കാലാവസ്ഥയും കാരണം തെളിവുകളും നശിപ്പിക്കപ്പെടുകയോ നശിക്കുകയോ ചെയ്തിട്ടുണ്ടാകുമെന്നും പോലീസ് വിശ്വസിക്കുന്നു.
രണ്ട് ആഴ്ചയോളം പഴക്കമുള്ള മനുഷ്യ ഉടലാണ് അറവ് മാലിന്യത്തോടൊപ്പം ചാക്കിൽ കെട്ടി റോഡിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടിതൊണ്ടിമ്മൽ റോഡിൽ ജനവാസമില്ലാത്ത മേഖലയിൽ തള്ളിയ ശരീരഭാഗം ആറിന് വൈകുന്നേരമാണ് നാട്ടുകാർ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു. മൃതദേഹം പുരുഷന്റേതാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.