നിലന്പൂർ: പനിബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചോലനായ്ക്ക യുവതിയുടെ മൃതദേഹം ഊരിലെത്തിച്ച് ഒന്‍പത് കിലോമീറ്റർ വനപാതയിലൂടെ ചുമന്ന്.
കരുളായി ഉൾവനത്തിലെ അച്ചനളയിൽ താമസിക്കുന്ന കുപ്പമല കാളച്ചക്കന്റെ ഭാര്യ ശാരദയെന്ന മാതി (23)യുടെ മൃതദേഹമാണ് നാട്ടുകാർ കിലോമീറ്ററുകൾ ചുമന്നു ഉൗരിലെത്തിച്ചത്. പനിയെ തുടർന്നു മൂന്നു ദിവസം മുന്‍പ് മാതിയെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അച്ഛൻ കുങ്കനും അമ്മ വെള്ളയും സഹായത്തിനുണ്ടായിരുന്നു. പനി മൂർച്ഛിച്ചതിനെത്തുടർന്ന് ബുധനാഴ്ച മാതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിൽ എത്തിച്ചുവെങ്കിലും വ്യാഴാഴ്ച രാത്രി എട്ടരയോടെ മരിച്ചു. കാട്ടാനകളുള്ള കാട്ടിലൂടെ രാത്രിയിൽ ഉൗരിലെത്താൻ കഴിയാത്തതിനാൽ വെള്ളിയാഴ്ച പുലർച്ചെയാണ് മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസിൽ മൃതദേഹം എത്തിച്ചത്.
ഒന്‍പതരയോടെ ടികെ കോളനിയിൽ എത്തിച്ചുവെങ്കിലും വനപാത ദുർഘടമായതിനാൽ ആംബുലൻസിന് യാത്ര തുടരാൻ കഴിഞ്ഞില്ല. തുടർന്നു മൃതദേഹം രണ്ടരമണിക്കൂറോളം ആംബുലൻസിൽ തന്നെ കിടത്തി. പിന്നീട് പഞ്ചായത്ത് മുൻ അംഗം വി.കെ. ബാലസുബ്രമണ്യന്റെ നേതൃത്വത്തിൽ നാട്ടുകാരും വനപാലകരും പാട്ടക്കരിന്പ് കോളനിയിലെ യുവാക്കളും ചേർന്നു മുളയും ചാക്കും ഉപയോഗിച്ചു മഞ്ചലുണ്ടാക്കി ഉച്ചയ്ക്ക് പന്ത്രണ്ടോടെ മൃതദേഹം ചുമന്നു അച്ചനളയിലേക്കു കൊണ്ടു പോകുകയായിരുന്നു. പാട്ടക്കരിന്പിലെ ഒരു സംഘം യുവാക്കളാണ് മൃതുദേഹം ചുമന്നു കൊണ്ടുപോയത്. വൈകുന്നേരത്തോടെ ഊരിലെത്തിച്ച മൃതദേഹം രാത്രിയിൽ സംസ്കരിച്ചു.
വെളിയംതോട് ഐജിഎംഎംആർ സ്കൂളിലെ വിദ്യാർഥികളായ സുസ്മിത, സുധീഷ് എന്നിവർ മക്കളാണ്.