ശ്രീകണ്ഠപുരം: കുന്നത്തൂർപാടി മുത്തപ്പൻ ആരൂഡത്തിന് സമീപം വനത്തിൽ നിന്ന് സ്ത്രീ വേഷത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം പുരുഷന്റേതെന്ന് വ്യക്തമായി. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫോറൻസിക് സർജൻ പി. ഗോപാലകൃഷ്ണപ്പിള്ള പയ്യാവൂർ പോലീസിന് കൈമാറി. 34 വയസ് കണക്കാക്കുന്ന മൃതദേഹത്തിന് മൂന്ന് മാസത്തോളം പഴക്കമുണ്ട്.
മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പി കണ്ടെത്തിയിരുന്നെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല. ഇതേത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ കോഴിക്കോട് കെമിക്കൽ ലാബിലേക്ക് അയച്ചു. അതേ സമയം മൃതദേഹം മലപ്പട്ടം സ്വദേശിയുടേതാണെന്നാണ് പോലീസ് നൽകുന്ന സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ബന്ധുക്കൾ മൃതദേഹം പരിശോധിച്ചെങ്കിലും പൂർണമായും അഴുകിയതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതോടെ ഡിഎൻഎ പരിശോധനയിലൂടെ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി മലപ്പട്ടം സ്വദേശിയുടെ ഡിഎൻഎ അടുത്ത ദിവസം ശേഖരിക്കും. മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ സൈബർ സെൽവഴി സിം ഉടമയെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. പയ്യാവൂർ എസ്ഐ പി.സി. രമേശന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ശനിയാഴ്ച്ച ഉച്ചയ്ക്കാണ് വനത്തിനുള്ളിൽ വിറക് ശേഖരിക്കാൻ പോയ നാട്ടുകാർ മൃതദേഹം കണ്ടത്. സാരിയും ബ്ലൗസും വേഷത്തിലായിരുന്നു മൃതദേഹം.