തെക്കൻ ഇറ്റലിയിൽ ഏകദേശം 17,000 വർഷം മുമ്പ് ജീവിച്ചിരുന്ന, നീലക്കണ്ണുകളും ഇരുണ്ടതവിട്ടു മുടിയുമുള്ള, ശിശുവിന്റെ ജീവിതം ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നതായി. ആ ഹിമയുഗശിശുവിന്റെ മരണകാരണം ഹൃദ്രോഗം ആണെന്നു കണ്ടെത്തിയിരിക്കുകയാണു ഗവേഷകർ. ഡിഎൻഎ വിശകലനത്തിലൂടെ കുട്ടിയുടെ ശാരീക പ്രത്യേകതകളിലേക്കുള്ള സൂചനകളും ലഭിച്ചു.
1998ൽ മോണോപൊളിയിലെ ഗ്രോട്ട ഡെല്ലെമുറ ഗുഹയിൽനിന്നു പുരാവസ്തു ഗവേഷകനായ മൗറോ കാലാറ്റിനിയാണു കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രത്യേക കല്ലറകളൊന്നും കണ്ടെത്തിയിരുന്നില്ല. ഗുഹയ്ക്കുള്ളിലാണു കുട്ടിയുടെ മൃതദേഹം അടക്കം ചെയ്തതെന്നു ഗവേഷകർ പറയുന്നു.
ജനിതക വിശകലനത്തിൽ കുട്ടിയുടെ മാതാപിതാക്കൾ കസിൻസ് ആയിരുന്നെന്നുള്ള സൂചനകളും വെളിപ്പെട്ടെന്നു ഫ്ലോറൻസ് യൂണിവേഴ്സിറ്റിയിലെ മോളിക്യുലർ നരവംശശാസ്ത്രജ്ഞനായ അലസാന്ദ്ര മോഡി വിശദീകരിക്കുന്നു. പാലിയോലിത്തിക് കാലഘട്ടത്തിൽ വളരെ അപൂർവമായി മാത്രമേ ഇത്തരം ബന്ധങ്ങൾ കാണപ്പെടുന്നുള്ളൂവെങ്കിലും നവീനശിലായുഗത്തിൽ ഇതു കൂടുതൽ സാധാരണമാണെന്നും മോഡി പറഞ്ഞു.
നേച്ചർ കമ്യൂണിക്കേഷൻസിൽ സെപ്റ്റംബർ 20ന് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് അതിപുരാതനകാലത്തെ ശിശുവിന്റെ ജീവിതത്തെയും രൂപത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചകളുള്ളത്. തെക്കൻ യൂറോപ്പിലെ ആദ്യകാല മനുഷ്യ ജനസംഖ്യയെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകളും ഗവേഷകർക്കു ലഭിച്ചിട്ടുണ്ട്.