ഗൂഡല്ലൂർ: വിദേശത്തു മരിച്ച യുവാവിന്റെ മൃതദേഹത്തിനായി മാതാപിതാക്കളുടെ കാത്തിരിപ്പു തുടരുന്നു. ഓവാലി പഞ്ചായത്തിലെ ചിന്നചൂണ്ടി പരശൂറാമൻ-പൊട്ടു ദന്പതികളാണ് മകൻ രാജ്കുമാറി ന്റെ(29) മൃതദേഹത്തിനായി കാത്തിരിക്കുന്നത്. സൗദി അറേബ്യയിലെ ദമാമിൽ സ്വകാര്യ സ്ഥാപനത്തിൽ അഞ്ചു വർഷമായി ജോലി ചെയ്യുന്ന രാജ്കുമാർ ഒക്ടോബർ 17നു താമസസ്ഥലത്തു ജീവനൊടുക്കുകയായിരുന്നു.
മരിക്കുന്നതിന്റെ തലേന്നു രാജ്കുമാർ അമ്മയ്ക്കു ടെലിഫോണ്‍ ചെയ്തിരുന്നു. വിസയുടെ കാലാവധി എട്ടുമാസം മുന്‍പ് അവസാനിച്ചെന്നും മറ്റൊരു വിസയ്ക്കു ശ്രമിച്ചുവരികയാണെന്നും അമ്മയെ അറിയിച്ചു. പിന്നീട് രാജ്കുമാറിന്റെ മരണവാർത്തയാണ് വീട്ടുകാരെ തേടിയെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനു കുടുംബം നടത്തിയ ശ്രമം ഫലവത്തായില്ല. സഹായം അഭ്യർഥിച്ച് പരശുരാമൻ തമിഴ്നാട് മുഖ്യമന്ത്രി, ജില്ലാ കളക്ടർ, നീലഗിരി എംപി, ഗൂഡല്ലൂർ എംഎൽഎ, ആർഡിഒ എന്നിവർക്കു കഴിഞ്ഞ ദിവസം നിവേദനം നൽകി.