കൊച്ചി: സംസ്ഥാനത്തെ വിമുക്തി ഡി അഡിക്ഷന് കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കെത്തുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണത്തില്‍ വര്‍ധന. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 18 വയസില്‍ താഴെയുള്ള 588 കുട്ടികളാണ് ചികിത്സയ്ക്ക് എത്തിയത്. 2024 ല്‍ 2,880 കുട്ടികളാണ് ലഹരി വിമുക്ത ചികിത്സ തേടിയത്. 2023 ല്‍ 1,982 പേരും 2022 ല്‍ 1,238 പേരും 2021 ല്‍ 681 കുട്ടികളും ചികിത്സ തേടിയെത്തിയെന്നാണ് സംസ്ഥാന എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
14 ജില്ലകളിലും ഡി അഡിക്ഷന് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തില്ല. ലഹരിക്കേസുകള്‍ വര്‍ധിക്കുമ്പോഴും വിമുക്തി മിഷന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച ഭരണാനുമതിയില്‍ പുതിയ ഡി-അഡിക്ഷന് സെന്ററുകള്‍ ആരംഭിക്കുന്നതിന് തുക വകയിരുത്തിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.
അതേസമയം, കുട്ടിക്കുറ്റവാളികള്‍ പ്രതികളാകുന്ന മയക്കുമരുന്ന് കടത്ത്, ലഹരി ഉപയോഗക്കേസുകള്‍ (എന്‍ഡിപിഎസ്) വര്‍ധിക്കുന്നതായാണ് എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2025 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 16 വരെ 36 കുട്ടികളാണ് എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് കേസുകളില്‍ പിടിക്കപ്പെട്ടത്. സ്കൂള്‍ കുട്ടികളെ ലഹരിയുടെ പിടിയില്‍നിന്ന് രക്ഷിക്കുന്നതിനായി എക്സൈസ് വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിനിടെയാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്.
2021 ല്‍ 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2022 ല്‍ ഇത് 40 ആയി ഉയര്‍ന്നു. 2023 ല്‍ 39 പേരും 2024 ല്‍ 55 പേരുമാണ് പിടിയിലായത്. ഇതില്‍ 86 പേര് ശിക്ഷിക്കപ്പെട്ടു. ഒരു കുട്ടിയെ കുറ്റവിമുക്തനാക്കി. ബാക്കി കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. കുട്ടികളായതിനാല്‍ പിടിക്കപ്പെടില്ലെന്നതും പിടിക്കപ്പെട്ടാലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലഭിക്കുന്ന ശിക്ഷ കുറവായതിനാലും ലഹരിക്കടത്തിന് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
ഇത്തരം കേസുകളില്‍ കുട്ടി കുറ്റവാളികള്‍ നിയമത്തിനു മുന്നിലെത്തുമ്പോള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പലപ്പോഴും ജാമ്യം നല്കുന്ന സ്ഥിതിവിശേഷമുണ്ട്. ഇവര്‍ വീണ്ടും സമാന കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴാനുള്ള സാധ്യതയേറെയുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സീമ മോഹന്‍ലാല്‍