പത്താംക്ലാസുകാരനായ സഹോദരനെ കഴുത്തറത്തു കൊന്ന പത്തൊമ്പതുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. കാമുകനെപ്പറ്റി അമ്മയോട് പറഞ്ഞതിന്റെ ദേഷ്യത്തിലായിരുന്നു അരുംകൊല. റോത്തക്കിനുസമീപത്തെ സമര് ഗോപാല്‍പുര്‍ ഗ്രാമത്തില്‍ കാജള്‍ ആണ് പിടിയിലായത്. മോണ്ടി സിംഗാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അനുജനെ കൊന്നശേഷം കുറ്റം അച്ഛനുമേല്‍ കെട്ടിവയ്ക്കാനും കാജള്‍ ശ്രമിച്ചു. കാമുകനുമായി ഫോണില്‍ സംസാരിക്കുന്നതിനെക്കുറിച്ച് അമ്മയോട് പറയരുതെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും മോണ്ടിസിംഗ് വഴങ്ങിയില്ല. ഇതില്‍ കലിപൂണ്ട കാജള്‍ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊന്നു.
പിന്നീട് മൃതദേഹം കിടക്കയില്‍ ഇട്ടതിന് ശേഷം തറയിലും വസ്ത്രത്തിലും പറ്റിയ ചോരക്കറ കഴുകി വൃത്തിയാക്കി. തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങി ബസില്‍ പാനിപ്പത്തിലേക്ക് രക്ഷപ്പെട്ടു. അവിടെ എത്തിയ ശേഷമാണ് അച്ഛനുമേല്‍ കുറ്റംകെട്ടിവയ്ക്കാന് ശ്രമിച്ചത്. അച്ഛന് തേജ് പാല് മോണ്ടി തന്നെയും അനുജനെയും കൊല്ലാന്‍ ശ്രമിച്ചെന്നും ഒരുതരത്തിലാണ് താന്‍ അവിടെനിന്ന് രക്ഷപ്പെട്ടെന്നും കാജള്‍ അമ്മ സുശീലയെ ഫോണ്‍ വിളിച്ച് അറിയിച്ചു. ഇതുകേട്ട് അമ്പരന്ന സുശീല ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പാഞ്ഞെത്തിയപ്പോള്‍ കണ്ടത് മോണ്ടിയുടെ മൃതദേഹമായിരുന്നു. മകള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് കരുതിയ അവര്‍ പൊലീസിനെ വിവരമറിയിച്ചു.
മൊഴിയെടുക്കാനെത്തിയ പൊലീസിനോട് അച്ഛനാണ് സഹോദരനെ കൊന്നതെന്നും കാജള്‍ പറഞ്ഞു. തേജ്പാല്‍ മക്കളെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നു സുശീലയും പൊലീസിനെ അറിയിച്ചു.തുടര്‍ന്ന് തേജ്പാലിനെ കൊലപാതകക്കുറ്റത്തിന് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ചോദ്യംചെയ്തപ്പോള്‍ കാജളിന്റെ മൊഴിയിലെ വൈരുധ്യങ്ങള്‍ പൊലീസിന് സംശയമുണ്ടാക്കി. തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തതോടെ കാജള്‍ എല്ലാം തുറന്നുപറഞ്ഞു.