ഗ്വാളിയോര്‍: ബധിരയും മൂകയുമായ യുവതിയെ രണ്ടു മാസം തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതികളായ ഒമ്പതു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാലുപേര്‍ ഡോക്ടര്‍മാരാണ്. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള അഭയകേന്ദ്രത്തിലാണ് ദാരുണ സംഭവം ഉണ്ടായത്.
അഭയകേന്ദ്രത്തിന്റെ വാച്ച്മാനായ സഹബ് സിംഗ് ഗുര്‍ജര്‍ എന്നയാളാണ് അധിരയും മൂകയുമായ 23കാരിയെ ബലാത്സംഗം ചെയ്തത്. യുവതി ഗര്‍ഭിണിയായതോടെ അഭയാര്‍ത്ഥി കേന്ദ്രം അധികൃതരുടെ സഹായത്തോടെ നിര്‍ബന്ധിതമായി ഗര്‍ഭം അലസിപ്പിക്കുകയും ഭ്രൂണം കത്തിച്ച് കളയുകയും ചെയ്തു.
പ്രതികളില്‍ ആറുപേര്‍ അറസ്റ്റിലായതായാണ് വിവരം. നാലു ഡോക്ടര്‍മാരില്‍ മൂന്നുപേരും അറസ്റ്റിലായി. അഭയാര്‍ത്ഥി കേന്ദ്രത്തിന്റെ ഡയറക്ടര്‍ ശര്‍മ്മ, ഇയാളുടെ ഭാര്യ ഡോക്ടര്‍ ഭാവന, അഭയാര്‍ത്ഥി കേന്ദ്രത്തിന്റെ മാനേജര്‍ ജയപ്രകാശ് ശര്‍മ്മ, ഡോക്ടര്‍ വിവേക് സാഹു, ഹോസ്റ്റല്‍ സൂപ്രവൈസര്‍ രവി വാത്മീകി, വാര്ഡന് ഗിരി രാജ് എന്നിവരാണ് അറസ്റ്റിലായത്. വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രമാണിത്.
രണ്ട് മാസം തുടര്‍ച്ചയായി വാച്ച്മാന് ഗുര്‍ജര്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ റൂം മേറ്റ് പോലീസില്‍ മൊഴി നല്കി. ഇരുവര്‍ക്കും സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായതോടെ കാര്യം കേന്ദ്രത്തിലെ ഡയറക്ടറായ ഡോക്ടര്‍ ബികെ ശര്‍മ്മയെ അറിയിച്ചിരുന്നു. എന്നാല്‍ യുവതിയുടെ ഗര്‍ഭം നിര്‍ബന്ധിച്ച് അലസിപ്പിക്കുകയാണ് ചെയ്തത്. വാച്ച്മാനെതിരെ നടപടി ഒന്നും ഉണ്ടായില്ലെന്നും റൂംമേറ്റ് മൊഴി നല്കി.
വാച്ച്മാനെതിരെ നടപടി ഒന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് അഭയ കേന്ദ്രത്തിലെ മറ്റ് അന്തേവാസികള്‍ മധ്യപ്രദേശിലെ വനിത ശിശുക്ഷശേമ വകുപ്പില്‍ പരാതി നല്കി. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടര്‍ന്നാണ് പ്രതികള്‍ക്കും ഇവരെ സഹായിച്ചവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കുന്നത്. മറ്റ് പ്രതികളായ ഡോക്ടര്‍ പുഷ്പ മിശ്ര, അഭയാര്‍ത്ഥി കേന്ദ്രം വാര്ഡന് പ്രഭാ യാദവ്, മുഖ്യ പ്രതി ഗുര്‍ജര്‍ എന്നിവരെ പിടികൂടാനായിട്ടില്ല. ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. അഭയകേന്ദ്രത്തിന്റെ പിന്നില്വച്ചാണ് ഭ്രൂണം കത്തിച്ചതെന്ന് പ്രതികളിലൊരാളായ വാത്മീകി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.