തൃശൂർ: വൈദ്യുതി ലൈനുകൾക്കു സമീപം ലോഹത്തോട്ടികൾ ഉപയോഗിച്ച് ചക്കയും മാങ്ങയും പറിച്ച 13 പേരാണു കഴിഞ്ഞ വർഷം ജില്ലയിൽ മരണപ്പെട്ടത്.
ഓരോ വർഷം ചെല്ലുന്തോറും ഇത്തരം അപകടങ്ങൾ കൂടിവരികയാണെന്നു ജില്ലാ വൈദ്യുതി അപകട നിവാരണ സമിതിയുടെ അവലോകന യോഗത്തിൽ വ്യക്തമാക്കി.
2020 ൽ ഇത്തരത്തിൽ 12 പേരാണു മരിച്ചത്. ഇത്രയും ബോധവത്കരണവും അറിവും വർധിച്ചിട്ടും ഈ രീതിയിലുള്ള അപകടമരണങ്ങൾ കൂടിവരികയാണ്്.
പൊതുജനങ്ങൾക്കുണ്ടാകുന്ന വൈദ്യുതി അപകടങ്ങളുടെ എണ്ണത്തിൽ അന്‍പതു ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്്.
ഇരുന്പുതോട്ടി ഉപയോഗിച്ച് ചക്ക, മാങ്ങ തുടങ്ങിയവ പറിക്കുന്നതുമൂലവും വൈദ്യുതി കന്പിവേലിയിൽ നിന്നും, വീടുകളിലെ വയറിംഗിൽ ഇഎൽസിബി ഇല്ലാത്തതുമൂലവും സ്ഥാപച്ചിട്ടുള്ള ഇഎൽസിബി പ്രവർത്തനരഹിതമായതിനാലുമാണ് വൈദ്യുതാഘാതമേറ്റ് ആളുകൾ മരിക്കുന്നത്.
വൈദ്യുതി ലൈനിലേക്കു കന്പികൾ പൊട്ടി വീണും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
അപകടം ഉണ്ടായശേഷം സമയപരിധിക്കുള്ളിൽ നൽകുന്ന കാർഡിയാക് പൾമിനറി റെസിസ്റ്റേഷൻ (സിപിആർ) പോലുള്ള പ്രഥമ ശുശ്രൂഷ വൈകുന്നതും അപകടമരണ നിരക്കു കൂടാൻ കാരണമായിട്ടുണ്ടെന്നു യോഗത്തിൽ വിലയിരുത്തി.
ആയതിനാൽ കെഎസ്ഇബിഎൽ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കും സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ഇലക്ട്രിക് വയറിംഗ് തൊഴിലാളികൾക്കും വേണ്ടത്ര ബോധവത്കരണവും പരിശീലന ക്ലാസുകളും നടത്തി അപകടസാധ്യത എത്രയും വേഗം കുറച്ചു കൊണ്ടുവരണമെന്ന് യോഗത്തിൽ നിർദേശിച്ചു.
ഡെപ്യൂട്ടി കളക്ടർ റെജി പി. ജോസഫ് അധ്യക്ഷത വഹിച്ചു. അപകട നിവാരണ സമിതി കണ്‍വീനർ തൃശൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എം.എ. പ്രവീണ്‍, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആർ. ബോലഗോപാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.