ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയാനായി രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഗാർഹിക പീഡന കേസുകളും വർധിച്ചതായി ദേശീയ വനിതാ കമ്മീഷൻ.
ലോക്ഡൗണിനു ശേഷം ദേശീയ വനിതാ കമ്മീഷന് 250 ഓളം പരാതികളാണ് ലഭിച്ചത്. ഇതിൽ 69 പരാതികളും ഗാർഹിക പീഡന പരാതികളായിരുന്നെന്ന് കമ്മീഷൻ പറയുന്നു.
ഗാർഹിക പീഡനം വർധിച്ചുവരികയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ സ്ത്രീകൾക്കെതിരായ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 257 പരാതികളാണ് ലഭിച്ചത്.
മാർച്ച് 24 മുതൽ ഏപ്രിൽ ഒന്നുവരെ ഡാർഹിക പീഡനവുമായി ബന്ധപ്പെട്ട് 69 പരാതികൾ ലഭിച്ചുവെന്നും ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാ ശർമ പറഞ്ഞു.
ലോക്ഡൗൺ കാലത്തുണ്ടാകുന്ന അക്രമങ്ങൾ ഉണ്ടായാൽ സ്ത്രീകൾക്ക് പോലീസിനെ സമീപിക്കാൻ ഭയമാണെന്നും രേഖാ ശർമ ചൂണ്ടിക്കാട്ടുന്നു.
കേസിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്താൽ അമ്മായിയമ്മമാർ തങ്ങളെ പീഡിപ്പിക്കുമെന്ന് സ്ത്രീകൾ ഭയക്കുന്നു. ഭർത്താവ് പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയാൽ അയാൾ വീണ്ടും അവളെ പീഡിപ്പിക്കുമെന്നും അവൾക്ക് പുറത്തുപോവാൻ പോലും കഴിയില്ലെന്നും ഭയപ്പെടുന്നു.
നേരത്തെ സ്ത്രീകൾക്ക് അവരുടെ മാതാപിതാക്കളുടെ അടുക്കലേക്ക് എത്താൻ കഴിയുമായിരുന്നു. എന്നാൽ ലോക്ഡൗൺ മൂലം ആ വഴിയും അടഞ്ഞിരിക്കുകയാണെന്നും രേഖാ ശർമ പറയുന്നു.