ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ വികാസവും ഇതുകൊണ്ടുണ്ടാകുന്ന ഗുണഗണങ്ങളും ദോഷഫലങ്ങളുമാണ് ഇപ്പോള് ചര്ച്ചാ വിഷയം.
വിവിധ മേഖലകളില് ഇതിനോടകം നിര്മിതബുദ്ധി കയറിക്കൂടിയിരിക്കുന്നു.സിനിമാ മേഖലയില് എ.ഐ സാങ്കേതികവിദ്യ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കും എന്ന ചിന്തയിലാണ് സംവിധായകരും നിര്മാതാക്കളും.
ചിത്രീകരണം പുരോഗമിക്കുന്ന ‘വെപ്പണ്’ എന്ന തമിഴ് ചിത്രത്തില് നിര്മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു രംഗം ചിത്രീകരിക്കുന്നെന്ന റിപ്പോര്ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
സത്യരാജിനെ നായകനാക്കി ഗുഹന് സെന്നിയപ്പന് സംവിധാനം ചെയ്യുന്ന ആക്ഷന് ചിത്രമാണ് വെപ്പണ്. അതിമാനുഷികശക്തിയുള്ള മിത്രന് എന്ന കഥാപാത്രമായാണ് സത്യരാജ് ചിത്രത്തില് എത്തുന്നത്.
സത്യരാജിന്റെ ചെറുപ്പകാലം കാണിക്കുന്ന രംഗങ്ങളില് എ.ഐ ടെക്നോളജി ഉപയോഗിച്ചുവെന്നാണ് സംവിധായകന് ഗുഹന് വ്യക്തമാക്കിയിരിക്കുന്നത്.
ഇതേപ്പറ്റി ഗുഹന്റെ വാക്കുകള് ഇങ്ങനെ…അതിമാനുഷിക ശക്തിയുള്ള കഥാപാത്രമാണ് സത്യരാജ് സാറിന്റേത്. എങ്ങനെയാണ് ഈ കഥാപാത്രത്തിന് ശക്തി ലഭിക്കുന്നതെന്ന് വിശദീകരിക്കുന്ന രംഗമുണ്ട് ചിത്രത്തില്.
ഈ രംഗത്തിലാണ് ഞങ്ങള് എ.ഐ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ചെറുപ്പകാലം സൃഷ്ടിച്ചത്.
എ.എ നിര്മിതമായ ഒരുപാട് ചിത്രങ്ങള് സമൂഹമാധ്യമങ്ങളിലൂടെ കാണാനിടയായി. പലതും അതിഗംഭീരമെന്നേ വിശേഷിപ്പിക്കാനാവൂ”. സംവിധായകന് വിശദീകരിക്കുന്നു.
എ.ഐ ഉപയോഗിച്ച് നമുക്ക് വേണ്ടതെന്തും സൃഷ്ടിക്കാനാകും. പക്ഷേ, ഇപ്പോള് അതിലൊരു പരീക്ഷണസ്വഭാവം അടങ്ങിയിട്ടുണ്ട്.
സ്ഥലങ്ങളുടേയും നടീനടന്മാരുടേയും ദൃശ്യങ്ങളുണ്ടായിരുന്നതിനാല് തങ്ങള്ക്ക് എളുപ്പത്തില് തയ്യാറാക്കാന്പറ്റി. അഞ്ചുപേരാണ് എ.ഐ വിഭാഗത്തില് പ്രവര്ത്തിക്കുന്നത്. ‘മിഷന് ഇംപോസിബിള്: ഡെഡ് റെക്കണിങ് -പാര്ട്ട് വണ്ണി’ല് എ.ഐ ദൃശ്യങ്ങളുണ്ടായിരുന്നു. ഇന്ത്യന് സിനിമയില് വെപ്പണാണ് ഇങ്ങനെയൊരു സാങ്കേതികവിദ്യയില് സിനിമ ചിത്രീകരിച്ചതെന്നും സംവിധായകന് അവകാശപ്പെട്ടു.
സത്യരാജിന്റെ എ.ഐ നിര്മിത ആനിമേറ്റഡ് ദൃശ്യങ്ങള് എന്ന രീതിയില് സോഷ്യല് മീഡിയയില് പ്രചരിക്കുന്ന ചിത്രങ്ങള്
ഡീ എയ്ജിങ് ടെക്നോളജി ഉപയോഗിച്ചാണ് ‘വെപ്പണ് ടീം’ സത്യരാജിനെ ചെറുപ്പമായി കാണിക്കുന്ന ദൃശ്യങ്ങളെടുത്തത് എന്നാണ് റിപ്പോര്ട്ട്.
നേരത്തെ ഇന്ത്യനാ ജോണ്സ് സീരിസിലെ അഞ്ചാം ഭാഗമായ ഡയല് ഓഫ് ഡെസ്റ്റിനിയില് ഹാരിസണ് ഫോഡിന്റെ ചെറുപ്പകാലം എഐ സഹായത്തോടെയാണ് ചിത്രീകരിച്ചത്. 80കാരനായ ഫോഡിനെ 35കാരനാക്കിയ സാങ്കേതിക വിദ്യ പരക്കെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
അതേസമയം, വെപ്പണിനായി തയ്യാറാക്കിയ സത്യരാജിന്റെ എ.ഐ നിര്മിത ആനിമേറ്റഡ് ദൃശ്യങ്ങള് എന്ന രീതിയില് രണ്ട് സ്ക്രീന്ഷോട്ടുകള് സോഷ്യല് മീഡിയയില് വ്യാപിക്കുന്നുണ്ട്.
വസന്ത് രവി, രാജീവ് മേനോന്, രാജീവ് പിള്ള എന്നിവരാണ് വെപ്പണിലെ മറ്റുതാരങ്ങള്. ജിബ്രാനാണ് സംഗീതം.
നേരത്തേ ഇന്ത്യന് 2 എന്ന ചിത്രത്തില് കമല് ഹാസന് അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം സംവിധായകന് ഷങ്കര് ചിത്രീകരിക്കുക ഡീ എയ്ജിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണെന്ന് വാര്ത്തകള് വന്നിരുന്നു.
എന്തായാലും വരും നാളുകൡ മുഴുനീള വേഷങ്ങള് ഐഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കാന് സാധ്യതയുണ്ട്.