ആലപ്പുഴ: ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി. ആറാട്ടുപുഴ പെരുമ്പള്ളി സ്വദേശി വിഷ്ണു ആണ് മരിച്ചത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയുമായി ഒന്നരവർഷമായി പിണങ്ങി കഴിയുകയായിരുന്നു വിഷ്ണു. കഴിഞ്ഞ ദിവസം മകനെ ഭാര്യവീട്ടിൽ ഏൽപ്പിക്കാൻ എത്തിയപ്പോൾ യുവതിയുടെ ബന്ധുക്കളുമായി വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെ വിഷ്ണുവിന് ക്രൂരമർദനമേറ്റു.
ഹൃദ്രോഗിയായ വിഷ്ണുവിനെ കമ്പിവടികൊണ്ട് അടിച്ചെന്നാണ് ആരോപണം. അടിയേറ്റയുടൻ കുഴഞ്ഞുവീണ വിഷ്ണുവിനെ കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
വിഷ്ണുവിന്റെ കുടുംബത്തിന്റെ പരാതിയിലാണ് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പേരുവിവരരങ്ങൾ പുറത്തുവിട്ടിട്ടില്ല.