ഗാന്ധിനഗർ: ഡോക്ടർ നിർദ്ദേശിച്ച എംആർഐ സ്കാനിംഗ് നടത്തിയില്ല. രോഗി ശുചിമുറിയിൽ പോകുന്പോൾ കുഴഞ്ഞുവീണ് മരിച്ചു. കുമളി വണ്ടിപ്പെരിയാർ കവിതാ ഭവനിൽ ശരണവണകുമാറിന്റെ മകൾ ശരണ്യ (15) യാണ് മരിച്ചത്.
കഴിഞ്ഞ മൂന്നിനാണ് ശരണ്യയെ പനിയും വയറുവേദനയും ഉണ്ടായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. തുടർന്ന് മെഡിസിൻ യൂണിറ്റ് മൂന്നിൽ പ്രവേശിപ്പിച്ച കുട്ടിയെ സിടി സ്കാനിംഗിന് വിധേയമാക്കി.
സ്കാനിംഗിൽ കിഡ്നിയുടെ സമീപത്ത് ശരീരത്തിൽ ഹോർമോണ് ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിക്ക് നിർക്കെട്ടുള്ളതായി കണ്ടെത്തി. വെള്ളിയാഴ്ച എംആർഐ സ്കാനിംഗിന് ശുപാർശ ചെയ്തു. എന്നാൽ എംആർ ഐ സ്കാനിംഗിനായി കുട്ടിയുടെ ബന്ധുക്കൾ പല തവണ സ്കാനിംഗ് സെന്ററിൽ എത്തിയെങ്കിലും സ്കാൻ ചെയ്യുന്നതിനുള്ള തീയതി ലഭിച്ചില്ല.
ഇന്നലെ രാത്രിയിൽ 8.30ന് ശുചിമുറിയിൽ പോകവെ രക്തസ്രാവം കൂടുകയും തല കറങ്ങി വീണ് കുട്ടി മരിക്കുകയും ചെയ്തു. ഒരാഴ്ച മുന്പ് ശരണ്യയ്ക്ക് ചിക്കൻപോക്സ് വരികയും വീട്ടിൽ തന്നെ പച്ചമരുന്നുചികിത്സ നടത്തുകയും രോഗം ഭേദമാകുകയും ചെയ്തുവെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ രണ്ടിനാണ് കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. വയറുവേദനയും രക്തസ്രാവവും കുട്ടിക്ക് ഉണ്ടായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കിഡ്നിയുടെ സമീപത്ത് നീർക്കെട്ട് ഉണ്ടെന്ന് മനസിലാകുകയും എംആർഐ സ്കാനിംഗിനു ശിപാർശ ചെയ്യുകയും ചെയ്തത്.
എന്നാൽ എംആർഐ സെന്ററിൽ ഉണ്ടായ തിരക്ക് മൂലമാകാം സ്കാൻ ചെയ്യാൻ കഴിയാതെ പോയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശരണ്യ സ്കാൻ ചെയ്യുന്നതിനു വേണ്ടി എംആർഐ സ്കാനിംഗ് സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും ഗുരുതരമായ രോഗികളെ സ്കാൻ ചെയ്യുന്ന കാര്യത്തിൽ വീഴ്ച വരുത്താറില്ലെന്നും എം ആർ ഐ സ്കാനിംഗ് സെൻറർ മാനേജർ രാഷ്്ട്രദീപികയോടു പറഞ്ഞു.
എന്നാൽ ഡോക്ടർ തന്ന കുറിപ്പുമായി പലതവണ സ്കാനിംഗ് സെൻററിൽ പോയിട്ടും സ്കാൻ ചെയ്യുന്നതിനുള്ള തീയതിയോ, സമയമോ, സ്കാനിംഗ് സെൻറർ അധികൃതർ തന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ശരണ്യയുടെ മൃതദേഹത്തിൽ ചില പാടുകൾ കാണപ്പെടുന്നതിനാലും രോഗസ്ഥിരീകരണം നടത്താത്തതിനാലും പോസ്റ്റ്മോർട്ടത്തിന് ശേഷമേ മ്യതദേഹം വിട്ടു നൽകുകയുളളൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സ്കാനിംഗ് അധികൃതരുടെ വീഴ്ചയ്ക്കെതിരെ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.