തൊടുപുഴ: ദേശീയപാതയോരത്തെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്.
മഴയിലും കാറ്റിലും കൊച്ചി-മധുര ദേശീയ പാതയിലെ നേര്യമംഗലം- അടിമാലി റോഡിൽ പത്തോളം മരങ്ങളാണ് കടപുഴകി വീണ് ഗതാഗതം തടസപ്പെടുത്തിയതെന്ന് ഡീൻ ഫേസ്ബുക്കിൽ കുറിച്ചു.
വെള്ളിയാഴ്ച രാത്രിയിൽ അടിമാലിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ട മാങ്കുളം സ്വദേശിയായ ഹൃദ്രോഗം ബാധിച്ചയാളെയും വഹിച്ചുള്ള ആംബുലൻസുൾപ്പടെ ഒട്ടേറെ വാഹനങ്ങളാണ് മേഖലയിൽ കുടുങ്ങിക്കിടന്നത്.
മൊബൈൽ റേഞ്ച് പോലുമില്ലാത്ത വന പ്രദേശത്താണ് ഗതാഗതം തടസപ്പെട്ടതെന്നും ഡീൻ പറഞ്ഞു.മണിക്കൂറുകളോളം തടസപ്പെട്ട വാഹനഗതാഗതം അഗ്നിശനമ സേനയും പോലീസും എത്തിയാണ് പുനഃസ്ഥാപിച്ചത്.
അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ വനം ഡിപ്പോ അധികൃതര്‍ക്ക് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ നിർദേശം നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഗൗരവമായി എടുക്കാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഡീൻ കുറ്റപ്പെടുത്തി.
കോട്ടയം മെഡിക്കൽ കോളജിലേക്ക് പോയ രോഗിക്കു മറ്റു കുഴപ്പങ്ങൾ സംഭവിക്കരുതേയെന്ന് പ്രാർഥിക്കുന്നു. ഒപ്പം ഇത്തരം ദുരവസ്ഥ ഉണ്ടാകാതിരിക്കാൻ കളക്ടറോട് ആവശ്യപ്പെടുന്നു.
ഇനിയും ഒട്ടേറെ മരങ്ങൾ കാറ്റുപിടിച്ചാൽ മറിഞ്ഞു വീഴാൻ പാകത്തിന് ഈ വഴിയിൽ ഉണ്ട് അവ അടിയന്തിരമായി മുറിച്ചു മാറ്റണം. വനംവകുപ്പിന്റെ തന്നിഷ്ടത്തിന് നിന്നു കൊടുക്കരുതെന്നും കളക്ടറോട് ആവശ്യപ്പെടുന്നതായി ഡീൻ ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/DeankuriakoseINC/posts/4285966674789497