കരുവാരക്കുണ്ട്: പുള്ളിമാനെ അനധികൃതമായി വീട്ടിൽ വളർത്തിയതിന് യുവതി അറസ്റ്റിലായി. പെരിന്തൽമണ്ണ ആനമങ്ങാട് മണലായ സ്വദേശിനി മങ്ങാടൻപറന്പത്ത് മുംതാസിനെയാണ് (40) കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.റെഹീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ ഭർത്താവ് ഷംസുദ്ദീനെതിരെയും വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെയാണ് മണലായയിലെ ഇവരുടെ വീട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വീടിനോട് ചേർന്ന് നിർമിച്ചിട്ടുള്ള മുറിയിലാണ് പുള്ളിമാൻ ഉണ്ടായിരുന്നത്.
ഏകദേശം പന്ത്രണ്ട് വയസിലധികം പ്രായമുള്ള മാനിനെ ഇവർ നാളുകളായി വീട്ടിലും എസ്റ്റേറ്റുകളിലുമായി വളർത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാനിനെ വണ്ടൂരിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടനാടുള്ള റെസ്ക്യൂ ഹോമിലേക്ക് കൊണ്ടു പോയി. അറസ്റ്റിലായ യുവതിയെ മഞ്ചേരി ഫോറസ്റ്റ് കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കും.
കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.റെഹീസ്, ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ ജയപ്രകാശ്, കരുവാരക്കുണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എൻ.മോഹനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
അലിഗഢ് മലപ്പുറം സെന്റർ സ്ഥിതി ചെയ്യുന്ന ചേലാംമലക്ക് താഴ്വാരത്തുള്ള തന്റെ വീട്ടിലേക്ക് രണ്ടാഴ്ച മുന്പ് രാത്രിയിൽ തെരുവ് നായകൾ അക്രമിച്ച് ഓടിച്ച് കൊണ്ടു വന്ന മാനിന് സംരക്ഷണം കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് മണലായ മങ്ങാടൻപറന്പത്ത് ഷംസുദ്ദീൻ പറഞ്ഞു.
കൗതുകത്തോടെ ഭക്ഷണം നൽകിയതല്ലാതെ കൂട്ടിലടക്കുകയോ കെട്ടിയിടുകയോ ചെയ്തിട്ടില്ലെന്നും വന്യമൃഗങ്ങൾ വീടുകളിലെത്തിയാൽ ഉടനെ വനം വകുപ്പിനെ അറിയിക്കണമെന്ന് അറിയില്ലായിരുന്നുവെന്നും ഷംസുപറഞ്ഞു. വനംവകുപ്പ് അധികൃതർ മാനിനെ കസ്റ്റഡിയിലെടുക്കാൻ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലാവുന്നതെന്നും ഷംസു പറയുന്നു.