കോട്ടയം: വൈക്കം തലയോലപറന്പ് വടയാർ പഴന്പട്ടിയിൽ എട്ടു വർഷം മുന്‍പ് ദുരൂഹ സാഹസാഹചര്യത്തിൽ തൂങ്ങി മരിച്ച പതിനാലുകാരിയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
2014 ആഗസ്റ്റ് 15 ന് മരിച്ച പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ബന്ധുക്കൾ ജില്ലാ പോലീസ് ചീഫിനു നൽകിയ പരാതിയെ തുടർന്നാണ് വൈക്കം ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.
2014 ആഗസ്റ്റ് 15 ന് രാവിലെ സകൂളിൽ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയ പെണ്‍കുട്ടിയാണ് ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടിന്റെ പൈപ്പിൽ തൂങ്ങി മരിച്ചത്.
ഒരു കാലിന് സ്വാധീനക്കുറവുള്ള പെണ്‍കുട്ടിക്ക് ജനലിൽ കയറി മേൽക്കൂരയിലെ പൈപ്പിൽ കുരുക്കിടാനാകില്ലെന്ന് അന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു.
കട്ടിലിനു മീതെ ഇട്ട കസേരയിൽ കയറിയാണ് തൂങ്ങിയതെങ്കിലും കസേര മറിഞ്ഞിരുന്നില്ല.
സംഭവം നടന്ന സമയം വീട്ടിൽ ഉണ്ടായിരുന്നത് അസുഖത്തെ തുടർന്ന് കാലു മുറിക്കപ്പെട്ട മുത്തച്ഛനായിരുന്നു.
അടുത്ത മുറിയിൽ അനക്കം കേട്ട് ഉൗന്നുവടിയുടെ സഹായത്തോടെ മുത്തച്ഛൻ എത്തുന്പോൾ തൂങ്ങി പിടയുന്ന കുട്ടിയെയാണ് കണ്ടത്.
മുത്തച്ഛൻ ബഹളം വച്ചതിനെ തുടർന്ന് ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത് താമസിക്കുന്ന പോലിസുകാരനും ഭാര്യയുമായിരുന്നു.
ഇവർ ഓട്ടോയിൽ കയറ്റി പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വല്ലകം പള്ളിക്കു സമീപമെത്തിയപ്പോഴേക്കും കുട്ടി മരിച്ചു.
കുട്ടിയുടെ ശരീരമാസകലം പൗഡർ പൂശിയ നിലയിലായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
പെണ്‍കുട്ടി മരിച്ച ദിവസം വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് മറ്റൊരാളുടെ നിർദേശപ്രകാരം നശിപ്പിച്ചതായി സമ്മതിച്ച് സമീപവാസി ഇപ്പോൾ രംഗത്തുവന്നതായി ബന്ധുക്കൾ പറയുന്നു.
അച്ഛനെപോലെ ബഹുമാനിച്ച ഒരാൾ ശാരീരികമായി ദുരുപയോഗം ചെയ്തതിന്റെ മനോവിഷമത്തിലാണ് താൻ മരിക്കുന്നതെന്നായിരുന്നു ആത്മഹത്യാക്കുറിപ്പെന്ന് കത്ത് നശിപ്പിച്ചയാൾ പറഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു.
അച്ഛനില്ലാത്ത കുട്ടി മുത്തച്ചനന്റെയും മുത്തശിയുടെയും കൂടെയായിരുന്നു താമസം. പെണ്‍കുട്ടിയുടെ മാതാവ് ബാംഗ്ലൂരിൽ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു.
മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് അമ്മയെ ഫോണിൽ വിളിച്ച് പെണ്‍കുട്ടി മരിക്കുമെന്ന് പറഞ്ഞിരുന്നു.
പെണ്‍കുട്ടിയുടെ മനസു തകർത്ത കാര്യമെന്താണെന്ന് അമ്മ ചോദിച്ചപ്പോൾ അമ്മയോട് നേരിൽ പറയാമെന്നാണ് മകൾ അറിയിച്ചത്.
അമ്മ വരുന്നതുവരെ അവിവേകം ഒന്നും കാണിക്കരുതെന്നും പറഞ്ഞ് മകളെ ആശ്വസിപ്പിച്ചു.
ജോലി സ്ഥലത്തുനിന്നു പെട്ടെന്ന് പോരാൻ പറ്റാതിരുന്നതിനാൽ മകളെ കണ്ട് കാര്യം തിരക്കാൻ അമ്മയ്ക്കുമായില്ല.
പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ പതിനേഴുകാരിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി അയൽവാസിയായ പോലീസുകാരൻ പീഡിപ്പിച്ചെന്ന പരാതിയുണ്ടായതിനെത്തുടർന്നാണ് എട്ടു വർഷം മുന്‍പത്തെ മരണത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തുവന്നത്.
നാളെ പോലീസ്സ്റ്റേഷൻ മാർച്ച് നടത്തും
കോട്ടയം: തലയോലപ്പറന്പ് പഴന്പട്ടിയിലെ കൗമാരക്കാരായ പെണ്‍കുട്ടികളുടെ ദുരുഹ മരണത്തിലും പെണ്‍കുട്ടികളെ ശാരീരികമായി ദുരുപയോഗം ചെയ്ത സംഭവത്തിലും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാളെ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും.
കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പഴന്പട്ടി നിവാസികളാണ് നാളെ ഉച്ച കഴിഞ്ഞ് മാർച്ച് സംഘടിപ്പിക്കുന്നത്.