പാരിപ്പള്ളി: മധ്യവയസ്കനും കൂടെ താമസിച്ചുവന്ന ബന്ധുവായ സ്ത്രീയും ആസിഡ് ഉള്ളിൽചെന്ന് മരിച്ചു. പാരിപ്പള്ളി ചെന്തിപ്പിൽ കോളനിയിൽ അശോകൻ (50), ഇയാളോടൊപ്പം താമസിച്ചുവന്ന രമണി (43) എന്നിവരാണ് മരിച്ചത്.
റബർവെട്ട് തൊഴിലാളിയായ അശോകൻ അവിവാഹിതനാണ്. ഇയാളുടെ ബന്ധുവാണ് രമണി. ഇവർക്ക്ഭർത്താവും മക്കളുമുണ്ട്.
അവരെ ഉപേക്ഷിച്ചശേഷം കഴിഞ്ഞ നാലുമാസമായി അശോകനോടൊപ്പം താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആസിഡ് മദ്യത്തിൽ കലർത്തി കഴിച്ചതായാണ് പോലീസിന് ലഭിച്ചവിവരം. റബർവെട്ടുന്ന പുരയിടത്തിൽ വച്ചാണ് ഇരുവരും ആസിഡ് മദ്യത്തിൽ കലർത്തി കഴിച്ചത്.
തുടർന്ന് അശോകൻ രാത്രിയിൽ ആസിഡ് കഴിച്ചവിവരം അയൽവീട്ടുകാരെ അറിയിക്കുകയായിരുന്നു. അവർ ഓടിയെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമണി മരിച്ചിരുന്നു. അശോകൻ ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്. മൃതദേഹം തിരുവന്തപുരം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. പാരിപ്പള്ളി പോലീസ് കേസെടുത്തു.