കുമരകം: ചീപ്പുങ്കലിൽ ആത്മഹത്യ ചെയ്ത യുവാവിനൊപ്പം ഉണ്ടാവുകയും പിന്നീട് കാണാതാവുകയും ചെയ്ത പെണ്‍കുട്ടിയെ ഇന്നു രാവിലെ കണ്ടെത്തി.
ഇന്നലെ നാട്ടുകാരും പോലീസും ഡോഗ് സ്ക്വാഡും എത്തി രാത്രി എട്ടുവരെ നീണ്ട തെരച്ചിൽ മാലിക്കായൽ പ്രദേശത്ത് നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.
ഇന്നു രാവിലെ 6.30 ന് തന്റെ പോത്തിനെ തീറ്റിക്കാനായി കൊണ്ടുപോകുകയായിരുന്ന മാലിക്കായൽ വിനോദാണ് (കുട്ടൻ ) പാടത്തെ വരന്പിൽ തളർന്നു കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടത്.
വിനോദ് അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ കുട്ടിയെ സമീപത്തെ വീട്ടിൽ എത്തിച്ചു. രാത്രി മുഴുവൻ ചതുപ്പിലെ കുറ്റിക്കാട്ടിൽ കഴിച്ചു കൂട്ടുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.
പകൽ പോലും കടന്നുചെല്ലാൻ ഭയക്കുന്ന പ്രദേശത്ത് രാത്രി മുഴുവനും പെൺകുട്ടി കഴിച്ചുകൂട്ടിയതിന്റെ അദ്ഭുതത്തിലാണ് പ്രദേശവാസികൾ.
വെസ്റ്റ് പോലീസ് സ്ഥലത്തെത്തി സ്റ്റേഷനിലേക്ക് കുട്ടിയെ മാറ്റി. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വൈക്കം പോലീസിൽ ഇന്നലെ പരാതി നൽകിയിരുന്നു.