കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കി. ശൂരനാട് സൗത്ത് അജിഭവനിൽ അജികുമാർ-ശാലിനി ദമ്പതികളുടെ മകൾ അഭിരാമി (18) ആണ് മരിച്ചത്. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് വിദ്യാർഥിനിയാണ്.
കേരള ബാങ്ക് പതാരം ബ്രാഞ്ചാണ് നോട്ടീസ് പതിച്ചത്. വീട് നിർമാണത്തിനാണ് കുടുംബം വായ്പ എടുത്തത്. വായ്പ കുടിശിക തിരിച്ചടയ്ക്കാൻ ബാങ്കിനോട് രണ്ട് ദിവസം സാവകാശം ചോദിച്ചെങ്കിലും നൽകിയില്ലെന്ന് പറയുന്നു.
10 ലക്ഷം രൂപയുടെ വായ്പയാണ് കുടുംബം എടുത്തത്. കോവിഡിന് മുൻപ് വരെ കുടുംബം വായ്പ തവണ അടച്ചിരുന്നു. ഈ മാർച്ചിലും ഒന്നരലക്ഷം രൂപ കുടുംബം ബാങ്കിൽ അടച്ചിരുന്നതായി അയൽവാസി പറഞ്ഞു.