മുതലമട: ചപ്പക്കാട്ടിൽ ഒരു വർഷം മുന്‍പ് കാണാതായ സുഹൃത്തുക്കളിൽ സാമുവൽ സ്റ്റീഫന്റെ കുടുംബാംഗങ്ങളായ മൂന്നു പേരുടെ തുടർമരണങ്ങൾ ലക്ഷംവീട് കോളനി താമസക്കാരെ ദുഃഖത്തിലാഴ്ത്തി.
സാമുവൽ സ്റ്റീഫന്റെ അമ്മ പാപ്പാത്തി (60) ആണ് വ്യാഴാഴ്ച രാത്രി സ്വാഭാവിക മരണത്തിനു കീഴടങ്ങിയത്.
2021 ഓഗസ്റ്റ് 30 നാണ് ചപ്പക്കാട്ടിൽ സുഹൃത്തുക്കളായ സാമുവൽ സ്റ്റീഫൻ (28), മുരുകേശൻ (29) എന്നിവരെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്.
മകൻ സ്റ്റീഫന്റെ തിരോധാനത്തിൽ കിടപ്പിലായ പിതാവ് ശൗരിമുത്തു (65) ജനുവരി 29 ന് മരണപ്പെട്ടു. മകനെ കാണണമെന്ന അന്ത്യാഭിലേഷം നിറവേറാതായാണ് ശൗരിമുത്തു വിടപറഞ്ഞത്.
ഇക്കഴിഞ്ഞ 15ന് ശൗരിമുത്തുവിന്റെ മറ്റൊരു മകൻ ജോണ്‍ എന്ന ജോയൽരാജ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
ഉറങ്ങാൻ കിടന്ന സ്ഥലത്ത് കാലത്ത് മരിച്ച നിലയിലാണ് ജോയൽരാജിനെ കണ്ടത്.
നാട്ടുകാർ മരണത്തിൽ ദുരൂഹത ഉണ്ടെന്നു ഉന്നയിച്ചതിനെ തുടർന്നു പോസ്റ്റുമോർട്ടം നടത്തിയതിൽ മരണകാരണം ന്യുമോണിയ ബാധിച്ചതിലുള്ള ശ്വാസതടസമാണെന്ന് ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു.
സാമുവൽ ഉൾപ്പെട്ട അഞ്ചംഗ കുടുംബത്തിൽ ഇളയ സഹോദരൻ രാജു മാത്രമാണുള്ളത്. സ്റ്റീഫൻ സാമുവലിനെ കാണാതായതിനു ശേഷമാണ് ചപ്പക്കാട് ലക്ഷം വീടു കോളനി വീട്ടിൽ മൂന്നു മരണങ്ങൾ ഉണ്ടായത്.
കുടുംബാംഗങ്ങളെല്ലാം ഒന്നൊന്നായി ഇല്ലാതായതിനാൽ ഒറ്റപ്പെട്ട ഇരുപതുകാരനായ രാജു ഭാവി ഓർത്ത് വിതുന്പുകയാണ്. കൂലിപ്പണികൾ നടത്തിയാണ് ശൗരി മുത്തുവിന്റെ കുടുംബം ഉപജീവനം നടത്തി വന്നിരുന്നത്.
കാണാതായവർക്കു വേണ്ടി കൊല്ലങ്കോട് പോലീസും ക്രൈംബ്രാഞ്ചും ചപ്പക്കാട് വനമേഖലയിൽ മാസങ്ങളോളം നടത്തിയ തിരച്ചലുകളൊന്നും ഫലം കണ്ടില്ല.
ഇതിനിടെ ചപ്പക്കാട് വനമേഖലയിൽ മനുഷ്യതലയോട്ടി കണ്ടെത്തിയത് പരിഭ്രാന്തിക്ക് ഇടവരുത്തിയിരുന്നു.
തലയോട്ടിയിലെ ഭാഗങ്ങൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് കൊച്ചിയിലെ ലാബിൽ അയച്ചിരുന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും പരിശോധനഫലം അന്വേഷിച്ചാൽ ഉത്തരംമുട്ടുന്ന മറുപടിയാണ് നൽകുന്നത്.
തിരോധാനത്തിന്റെ ഒന്നാം വർഷിക ദിനമായ 30ന് ആക്്ഷൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ കാന്പ്രത്ത്ചള്ള ടൗണിൽ പ്രതിഷേധപകൽ പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ആക്്ഷൻ കൗണ്‍സിൽ രക്ഷാധികാരി വിളയോടി ശിവൻകുട്ടി, ചെയർമാൻ വാസുദേവൻ, കണ്‍വീനർ എസ്. സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധപകൽ സംഘടിപ്പിച്ചിരിക്കുന്നത്.