ലക്നോ: ഉത്തർപ്രദേശിൽ ഏഴു വയസുകാരൻ സ്കൂളിൽ വൈദ്യുതാഘാതമേറ്റു മരിച്ചു. മെയിൻപുരി ജില്ലയിലെ മനൗന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലാണു സംഭവം നടന്നത്.
ഛബിറാം ദിവാകറിന്റെ മകൻ അൻഷു ദിവാകർ ആണ് മരിച്ചത്. സ്കൂൾ വളപ്പിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിക്ക് അബദ്ധത്തിൽ വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികളും മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളും ചേർന്ന് സ്കൂൾ പ്രിൻസിപ്പലിന്റെ കാർ നശിപ്പിക്കുകയും ജില്ലാ ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കുകയും ചെയ്തു.
കുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡെപ്യൂട്ടി കളക്ടർ ഗോപാൽ ശർമ ഉത്തരവിട്ടു.
സമാജ്വാദി പാർട്ടി നേതാവും മുൻ എംഎൽസിയുമായ അരവിന്ദ് പ്രതാപ് സിംഗ് കുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അറിയിച്ചു.