മങ്കൊമ്പ്: മണിമലയാറ്റില്‍ യുവാവ് മുങ്ങിമരിച്ച സംഭവം കൊലപാതകമെന്നു പോലീസ്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. വെളിയനാട് പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ ആറ്റുചിറ വീട്ടില്‍ രാജേഷിനെയാണ് (39) അറസ്റ്റു ചെയ്തത്.
ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ ആഴകാത്തുപ്പടി ചിറക്കുഴിവീട്ടില്‍ വാസന്റെ മകന്‍ മനുവിനെയാണു (23) മുട്ടാര്‍ ബിബിസി ജെട്ടിക്കു സമീപം മണിമലയാറ്റില്‍ സുഹൃത്തുക്കള്‍ ചേര്‍ന്നു തിങ്കളാഴ്ച വൈകുന്നേരം വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്.
മനുവിന്റെ മൃതദേഹം ബുധനാഴ്ച രാത്രി പതിനൊന്നോടെയാണു കിടങ്ങറ പാലത്തിനു സമീപത്തുനിന്നു കണെ്ടത്തിയത്. മുട്ടാര്‍ സ്വദേശിയായ സന്തോഷിന്റെ ഓട്ടോയില്‍ തിങ്കളാഴ്ച വൈകുന്നേരം മുട്ടാര്‍ ബിബിസി ജെട്ടിയിലെത്തിയ യുവാക്കള്‍ ജെട്ടിക്കു സമീപമിരുന്നു മദ്യപിച്ചിരുന്നു.
തുടര്‍ന്ന് ആറ്റിലിറങ്ങി കുളിക്കാന്‍ മനു വിസമ്മതിച്ചതോടെ യുവാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും രാജേഷും, സന്തോഷും ചേര്‍ന്നു മനുവിനെ വെള്ളത്തിലേക്കെറിഞ്ഞ ശേഷം മുക്കികൊല്ലുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആറിനു മറുകരയില്‍ കല്ലുകെട്ട് ജോലികള്‍ ചെയ്തിരുന്ന തൊഴിലാളികളാണു സംഭവം കണ്ടതും തുടര്‍ന്നു പോലീസില്‍ വിവരം അറിയിച്ചതും.