ബദിയടുക്ക: വിവാഹ ആഘോഷങ്ങളുടെ ആരവം അടങ്ങുംമുന്പേ മണ്ടേക്കാപ്പിലെ മൊന്തേരോ വീട്ടിൽ നിലവിളികൾ ഉയരുകയാണ്. ഈ വീട്ടിലെ 80 കാരനായ ബെഞ്ചമിനും ഭാര്യ 75കാരിയായ മേരിക്കും ഒപ്പം നാട്ടുകാർക്കൊന്നാകെ ദുരന്തവാർത്ത ഇനിയും വിശ്വസിക്കാനാവുന്നില്ല. മക്കളും മരുമക്കളും പേരക്കുട്ടികളുമായി ഏഴുപേരുടെ വിയോഗത്തിൽ വിറങ്ങലിച്ചുകിടക്കുന്ന ബെഞ്ചമിനേയും മേരിയേയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും അയൽവാസികളും പ്രയാസപ്പെടുന്നു. പ്രായാധിക്യവും അസുഖവുംമൂലം ബെഞ്ചമിനും ഭാര്യയും വീട്ടിൽ കിടപ്പിലാണ്. മകൻ ഡെൻസിൽ ആണ് ഇവർക്കൊപ്പമുള്ളത്. ഡെൻസിലിന്റെ ഭാര്യ റീമയും അപകടത്തിൽ മരിച്ചു.
ഈ മാസം ആറിനായിരുന്നു ബെഞ്ചമിന്റെ ഇളയമകൻ ആൽവിന്റെയും പ്രീമയുടെയും വിവാഹം നടന്നത്. അപകടത്തിൽ ആൽവിൻ മരിക്കുകയും പ്രീമയ്ക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വീട് പുതുക്കിപ്പണിത് കല്യാണം ആഘോഷമാക്കിയശേഷമാണ് കുടുംബാംഗങ്ങൾ വേളാങ്കണ്ണിയിലേക്കു തീർഥയാത്ര പോയത്.
ബെഞ്ചമിന്റെ മൂത്തമകൻ മഹാരാഷ്ട്രയിലെ പൂനെയിൽ കാന്റീൻ നടത്തുന്ന ഹെറാൾഡും കുടുംബവും ഇളയ സഹോദരൻ ആൽവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നേരത്തേതന്നെ മണ്ടേക്കാപ്പിലെ തറവാട്ടിൽ എത്തിയിരുന്നു. വേളാങ്കണ്ണി തീർഥാടനവും കഴിഞ്ഞു പൂനെയിലേക്കു പോകാനായിരുന്നു ഇവരുടെ പരിപാടി.
അപകടവിവരമറിഞ്ഞ് നിരവധിപേരാണ് കേരള-കർണാടക അതിർത്തി മേഖലയിലെ പൈവളിഗെ പഞ്ചായത്തിലെ മണ്ടേക്കാപ്പിലുള്ള ഇവരുടെ വീട്ടിലെത്തിയത്. പി.ബി. അബ്ദുൾ റസാഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷ്റഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹർഷാദ് വോർക്കാടി, ഫരീദ സക്കീർ അഹമ്മദ്, മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട്, പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ. ഷെട്ടി തുടങ്ങിയവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.