കൊച്ചി: ഫോര്‍ട്ട് കൊച്ചി കായലില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തില്‍ ഉറച്ച് പോലീസ്. അതേ സമയം, മരിച്ച യുവാവിന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തു നിന്നു ഭീഷണിയോ അക്രമമോ നേരിടേണ്ടി വന്നിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. യുവാവും യുവതിയും തമ്മിലുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിലുള്ള മനോവിഷമത്തില്‍ ഇരുവരും കായലില്‍ ചാടിയതാകാനാണ് സാധ്യതയെന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന എറണാകുളം സൗത്ത് പോലീസും ഹില്‍ പാലസ് പോലീസും അറിയിച്ചു.
പള്ളിമുക്ക് മില്‍ക്ക് ലൈനില്‍ വെള്ളേപറമ്പില്‍ ജയദേവന്റെ മകന് സന്ദീപ് (24), ഇരുമ്പനം കക്കാട്ട് പറമ്പില്‍ പുഷ്പന്റെ മകള്‍ ലയന (18) എന്നിവരുടെ മൃതദ്ദേഹങ്ങളാണ് ഇന്നലെ രാവിലെ ഏഴോടെ ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാളിന് സമീപത്തെ ഫിഷ് ലാന്‍ഡിംഗ് സെന്ററിനടുത്ത് കായലില്‍ കാണപ്പെട്ടത്. കൊലപാതകസൂചന നല്കുന്ന തെളിവുകളൊന്നും ഇതു വരെ കണ്ടെത്താനായിട്ടില്ലെന്ന് സൗത്ത് എസ്ഐ എസ്. ദ്വിജേഷ് പറഞ്ഞു. മൃതദേഹങ്ങളിൽ സംശയിക്കത്തക്കതായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരാഴ്ച്ചക്കകം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ സാധിക്കുമെന്നും ഹില്‍പാലസ് എസ്ഐ എസ്. സനല്‍ പറഞ്ഞു. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ പ്രാഥമിക അഭിപ്രായമെന്നും ആത്മഹത്യ തന്നെയെന്നാണ് ഇതു വരെ ലഭിച്ച തെളിവുകളില്‍ നിന്നു മനസിലാക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കണ്ടെടുത്ത മൃതദേഹങ്ങള്‍ക്കു രണ്ടു ദിവസത്തെ പഴക്കമുണ്ട്.
യുവതി ബനിയനും ലെഗിംഗ്സും യുവാവ് പാന്റും ഷര്‍ട്ടും ധരിച്ച നിലയിലായിരുന്നു. ഇരുവരുടെയും കൈകള്‍ തമ്മില്‍ കറുത്ത ഷാള്‍ ഉപയോഗിച്ച് ബന്ധിച്ചിരുന്നു. രണ്ടു പേരെയും കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലും എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഷാളുകളാല്‍ ഇവര്‍ തന്നെ കൈകള്‍ തമ്മില്‍ ബന്ധിച്ചതാകാമെന്നാണ് പോലീസ് നിഗമനം. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്കി