ഹരിപ്പാട് (ആലപ്പുഴ): യുവതിയെ കഴുത്തു ഞെരിച്ചുകൊന്ന നിലയിൽ കണ്ടെത്തി. കാമുകൻ പോലീസ് പിടിയിൽ. മാവേലിക്കര ഭരണിക്കാവ് പുത്തൻപുര പടീറ്റതിൽ ഭാനുവിന്റെ മകൾ ലച്ചു എന്നു വിളിക്കുന്ന പുഷ്പകുമാരിയെ(40)യാണ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ദേശീയപാതയിൽ ഹരിപ്പാട് മാധവ ജംഗ്ഷനു സമീപമുള്ള വാടകവീട്ടിലായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ടു കാമുകനെന്നു കരുതുന്ന ഹരിപ്പാട് കുമാരപുരം പൊത്തപ്പള്ളി ശാന്താഭവനത്തിൽ ലക്ഷ്മണനാചാരിയുടെ മകൻ വേണുവി(39)നെ ഹരിപ്പാട് സിഐ ടി. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയായിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ: കെട്ടിട ഡിസൈനറായ വേണു ഒരു മാസമായി വീട് വാടകയ്ക്ക് എടുത്തിട്ടിരുന്നെങ്കിലും മൂന്നു ദിവസം മുന്പാണ് യുവതിയെ വീട്ടിൽ കൊണ്ടുവരുന്നത്. യുവതിക്ക് ഇടയ്ക്കിടെ ഫോണ്കോളുകൾ വരുന്നതിനെച്ചൊല്ലി യുവതിയുമായി അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു.
ഇതിനെത്തുടർന്നുള്ള തർക്കമാണു ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുന്നതിനു പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു. മരിച്ചെന്ന് ഉറപ്പായതിനു ശേഷം മൃതദേഹം മറവു ചെയ്യുകയെന്ന ഉദ്ദേശ്യത്തോടുകൂടി കുഴി എടുക്കാനായി പള്ളിപ്പാട് നീണ്ടൂർ വഞ്ചിയിൽ മണിയന്റെ മകൻ മഹേഷി(42)നെ വിളിച്ചു വരുത്തി. കക്കൂസ് മാലിന്യം കുഴിച്ചുമൂടാനാണു കുഴിയെടുക്കുന്നതെന്നാണു പറഞ്ഞിരുന്നത്. എന്നാൽ, കുഴിയെടുക്കുന്നതിനിടയിൽ യുവതിയുടെ മൃതദേഹം കാണാനിടയായ മഹേഷ് സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലായ വേണു ചോദ്യം ചെയ്യലിനിടയിൽ കുറ്റം സമ്മതിക്കുകയുംചെയ്തു. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന യുവതിക്കു മുൻ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. പ്രതി വേണുവും വിവാഹബന്ധം വേർപെടുത്തി കഴിയുകയായിരുന്നു.
മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ആലപ്പുഴയിൽനിന്നു ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. എറണാകുളം എസിപി യതീഷ് ചന്ദ്ര, കായംകുളം ഡിവൈഎസ്പി സുനിൽദാസ്, എസ്എസ്ബി മുരളീധരൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.എസ്. ഉദയഭാനു തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. ഹരിപ്പാട് സിഐ ടി. മനോജിനാണ് അന്വേഷണ ചുമതല.