കണ്ണൂർ: ആറുമാസം ഗർഭിണിയായ യുവതി ചികിത്സാപിഴവിനെ തുടർന്ന് മരിച്ചതായി പരാതി. പെരളശേരി മാണിക്കോത്ത് പ്രദീപൻപ്രമീള ദന്പതികളുടെ മകൾ പ്രണയ (24) യാണു മരിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അഞ്ചാം മാസത്തിൽ യുവതി സ്കാനിംഗ് നടത്തിയിരുന്നു. അന്ന് ഗർഭസ്ഥ ശിശുവിന് പൂർണ ആരോഗ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വീട്ടിലെത്തി കുറച്ചുദിവസങ്ങൾക്കുശേഷം യുവതിക്ക് വയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി അഡ്മിറ്റായി. എന്നാൽ യുവതിയെ വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കാൻ ഗൈനക്കോളജിസ്റ്റ് തയാറായില്ലെന്നും യുവതിയുടെ നില മോശമായതിനെത്തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
പരിയാരത്തെത്തിയ യുവതിയെ സ്കാനിംഗിന് വിധേയമാക്കിയപ്പോൾ ഗർഭസ്ഥശിശു മരിച്ചതായി കണ്ടെത്തി. തുടർന്നു ഗർഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു. ഇതിനിടെ ആരോഗ്യനില ഗുരുതരമായ യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ഇന്നലെ പുലർച്ചെയോടെ മരിക്കുകയുമായിരുന്നു. തലമുണ്ട സ്വദേശി ബിനീഷാണ് പ്രണയയുടെ ഭർത്താവ്. സഹോദരൻ: പ്രണോയ്.