മരിച്ച രണ്ടു കുട്ടികളും ലൈംഗീകപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതായി സൂചനയുണ്ട്. മരണത്തിന് മുന്‍പുള്ള മണിക്കൂറുകളിൽ പീഡനം നടന്നിട്ടില്ലെങ്കിലും മുന്‍പ് പലതവണ പീഡനം നടന്നിട്ടുള്ളതായാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എഎസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം ഭാഗ്യവതിയുടെ മകൾ ശരണ്യ (9) യെയാണ് കഴിഞ്ഞദിവസം വൈകീട്ട് ഏഴരയോടെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പിതാവ് ഷാജിയാണ് തൂങ്ങിമരിച്ച നിലയിൽ ശരണ്യയെ ആദ്യം കണ്ടത്. ജനുവരി 12ന് ശരണ്യയുടെ ചേച്ചി കൃതിക (14) യെ ഇതേ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊലപാതകമാണെന്ന് സംശയിക്കുന്ന കൃതികയുടെ മരണത്തിലെ ഏക ദൃക്സാക്ഷിയായിരുന്നു ശരണ്യ. ആവർത്തിച്ചുണ്ടായ ശിശുമരണങ്ങളിൽ ശിശുക്ഷേമ സമിതിക്കും പോലീസിനും തദ്ദേശസ്ഥാപനങ്ങൾക്കും വീഴ്ചവന്നതായി ആരോപണമുണ്ടെന്ന് കമ്മീഷൻ അംഗം കെ.മോഹൻകുമാർ ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാകളക്ടറും പോലീസ് സൂപ്രണ്ടും ജില്ലാ ശിശുക്ഷേമ സമിതിസെക്രട്ടറിയും ഒരുമാസത്തിനകം അന്വേഷണ റിപ്പോർട്ടുകൾ ഹാജരാക്കണമെന്നാണ് ഉത്തരവ്.
വീട്ടമ്മയുടെ ആദ്യ ഭർത്താവിലുള്ള കുട്ടിയാണ് കൃതിക. സഹോദരിയുടെ മരണസമയത്ത് മുഖംമൂടി ധരിച്ച രണ്ട്പേർ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായി കഴിഞ്ഞ ദിവസം മരിച്ച ശരണ്യ മൊഴി നൽകിയിരുന്നു. സംഭവ ദിവസം വൈകുന്നേരം വരെ കുട്ടി വീടിനു പുറത്തു കളിക്കുന്നത് കണ്ടവരുണ്ട്. കൃതികയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമാണ് ഈ പ്രദേശമെന്ന് ആക്ഷേപമുണ്ട്. ഒരുവർഷം മുന്‍പ് ഇതേ സ്ഥലത്ത് ഒരു പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായിരുന്നു.
മൂത്തമകൾ ജനുവരി 13നും ഒന്‍പതുകാരിയായ ഇളയമകൾ മാർച്ച് നാലിനുമാണ് ഒറ്റമുറി വീട്ടിൽ തൂങ്ങി മരിച്ചത്. ഇരുവരും ഒരേ സ്ഥാനത്താണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. വാർപ്പു പണിക്കാരായ ദന്പതികൾ ജോലികഴിഞ്ഞു മടങ്ങിവരുന്നതിനു ഏതാനും മിനിറ്റുകൾക്കു മുന്‍പാണ് രണ്ടു കുട്ടികളുടെയും മരണം നടന്നിരിക്കുന്നത്.
സംഭവത്തിൽ പോലീസിനും ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ആരോപണം. കുട്ടികൾ കട്ടിലിൽ കയറിനിന്നാലും ഉത്തരത്തിൽ കൈ എത്താനുള്ള സാധ്യത വിരളമാണ്. ഇവയൊന്നും പരിഗണിക്കാതെ ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ് കേസ് അവസാനിപ്പിക്കാനാണ് ശ്രമം നടത്തിയതെന്നും ആക്ഷേപമുണ്ട്. ശരണ്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബുധനാഴ്ച അന്വേഷണ സംഘത്തിന് ലഭിക്കും.