ചേറ്റുവ: ഏഴുവർഷം കഴിഞ്ഞിട്ടും ആ മൃതദേഹം അജ്ഞാതമായി തുടരുന്നു. കഴുത്ത് അറുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിൽ ചേറ്റുവ അഴിമുഖത്ത് കടൽഭിത്തിയുടെ കരിങ്കല്ലുകൾക്കിടയിൽ ഏഴ് വർഷം മുന്പ് കണ്ടെത്തിയ അജ്ഞാത സ്ത്രീ ആരാണെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ ബാക്കി.
കോടതിയിൽ റിപ്പോർട്ട് സമർപിക്കുന്നതിനും കേസ് ക്ലോസ് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സി.ബി.സി.ഐ.ഡി വിഭാഗം ഈ അജ്ഞാത സ്ത്രീയെക്കുറിച്ചുള്ള നോട്ടീസ് പുറത്തിറക്കി.
രേഖാചിത്രം സഹിതമാണ് നോട്ടീസ്. ഇത് കണ്ടിട്ടും ആരും ഇതുവരെയും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് സി.ബി.സി.ഐ.ഡി ഡിറ്റക്ടീവ് ഇൻസ്പെക്ടർ പറഞ്ഞു. വാടാനപ്പള്ളി പോലിസ് സ്റ്റേഷൻ പരിധിയിലെ ചേറ്റുവ അഴിമുഖത്ത് 2011 ജൂണ് 26 ന് ഉച്ചക്ക് 12.50 ടൈയാണ് മൃതദേഹം കണ്ടത്.
കഴുത്ത് 90 ശതമാനം അറുത്ത് മുറിച്ച് കൊലപ്പെടുത്തി കൈകൾ കൂട്ടിക്കെട്ടി ഒരു ആങ്കറിൽ ബന്ധിച്ച നിലയിലാണ് അടിവസ്ത്രങ്ങൾ മാത്രം ധരിച്ച നിലയിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദ്ദേഹം കടൽഭിത്തിയുടെ കരിങ്കല്ലുകൾക്കിടയിൽ അടിഞ്ഞ നിലയിൽ കണ്ടത്.
വെള്ളത്തിൽ വീണ് ഒരാഴ്ച്ചയോളം പഴകി ജീർണിച്ചിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. 30 നും 40നും ഇടയിൽ പ്രായം തോന്നിക്കുന്ന സ്ത്രീക്ക് 153 സെ.മീറ്റർ ഉയരവും 55 കിലോ തൂക്കവും കണക്കാക്കിയിരുന്നു.
പ്രസവിച്ചിട്ടുള്ള ഈ സ്ത്രീയുടെ വായയിൽ മുകളിലെയും താഴെത്തയും വരികളിലേയും രണ്ടു വീതം അണപ്പല്ലുകൾ നേരത്തെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
അരയിൽ ദീർഘചതുരാകൃതിയിലുള്ള ഏലസുമുണ്ട്. ഇത്തരംഅടയാളങ്ങളോടുമുള്ള ഏതെങ്കിലും സ്ത്രീകളെ കാണാതായതായി അറിയുന്നവർ 0487-2421350, 9497 98 1061 എന്ന ഫോണ് നന്പറുകളിൽ വിവരം നല്കണമെന്ന് സി.ബി.സി.ഐ.ഡി. ഡിക്റ്റക്ടീവ് ഇൻസ്പെക്ടർ നോട്ടീസിലുടെ ആവശ്യപ്പെട്ടിട്ടുണ്ട്.