പെരുമ്പാവൂർ: പെരിയാറിൽ അജ്ഞാതയുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം സംബന്ധിച്ച അന്വേഷണത്തിൽ പോലീസ് ഇരുട്ടിൽ തപ്പുന്നു. കഴിഞ്ഞ മാസം 31നു വേട്ടാമ്പാറ അയനിച്ചാൽ ഭാഗത്താണു യുവതിയുടെ മൃതദേഹം കണ്ടത്. ഭാഗികമായി മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സർജന്റെ പ്രാഥമികനിഗമനം. അന്വേഷണം നടത്തുന്ന കുറുപ്പംപടി പോലീസ് ഇതു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ വാരിയെല്ലുകൾ ഒടിഞ്ഞതിനെത്തുടർന്നുള്ള ആന്തരികരക്തസ്രാവമാണു മരണകാരണമെന്നാണു കഴിഞ്ഞദിവസം ലഭിച്ച വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഇതുവരെ മൃതദേഹം ആരുടേതെന്നു തിരിച്ചറിയാൻ സാധിച്ചിട്ടുമില്ല. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും തുമ്പുണ്ടാകാത്ത സാഹചര്യത്തിൽ കേസിന്റെ തുടരന്വേഷണം കുന്നത്തുനാട് സിഐക്ക് കൈമാറി റൂറൽ എസ്പി ഉത്തരവായിട്ടുണ്ട്.
ഒരുകൈ മുട്ടിനുമുകളിൽവച്ചു നഷ്ടമായ നിലയിലും മുഖം വികൃതമായ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. 35നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം പൂർണമായും നഗ്നമായിരുന്നു. യുവതിയെ കൊലപ്പെടുത്തിയശേഷം ആളെ തിരിച്ചറിയാതിരിക്കാനായി മുഖം വികൃതമാക്കി പുഴയിൽ തള്ളിയിരിക്കാമെന്നതാണ് ഒരു സംശയം. കൈയിൽ പച്ചകുത്തിയിരുന്നതുകൊണ്ടായിരിക്കാം കൈ വെട്ടിമാറ്റിയതെന്നും സംശയിക്കുന്നു.
അതേസമയം അപകടമരണ സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മൂർച്ചയുള്ള ആയുധം കൊണ്ടല്ല കൈ മുറിച്ചുമാറ്റിയതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. കൈ മുറിഞ്ഞു പോയതും വാരിയെല്ലുകൾ ഒടിഞ്ഞതും കാട്ടാനയുടെ ആക്രമണത്തിലും സംഭവിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. മരിച്ചത് ആദിവാസി യുവതിയാണെന്ന സംശയവുമുണ്ട്.
കാട്ടാനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ പുഴയിൽ ചാടിയപ്പോൾ മുങ്ങിമരിച്ചതാകാമെന്നതാണു മറ്റൊരു സംശയം. ഒഴുക്കിൽപ്പെട്ട അവസരത്തിലാകാം വസ്ത്രം നഷ്ടപ്പെട്ടതെന്നും കരുതുന്നു. മരിച്ചത് ആരെന്നു തിരിച്ചറിഞ്ഞാൽ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ. സമീപപ്രദേശത്തെ ആദിവാസി മേഖലകളിൽനിന്നു കാണാതായവരെക്കുറിച്ചു പോലീസ് വിശദമായ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ആധുനിക ഗ്രാഫിക് സംവിധാനത്തിലൂടെ മൃതദേഹത്തിന്റെ മുഖത്തിനു കൃത്യത വരുത്തി മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമവും നടന്നുവരുന്നു.
ഭൂതത്താൻ കെട്ട് അണക്കെട്ടിനു താഴ്ഭാഗത്തുനിന്നാകാം മൃതദേഹം പെരിയാറിൽ ഒഴുകിയെത്തിയതെന്നാണ് അനുമാനം. തീരത്തുനിന്ന് ഏതാനും മീറ്റർ അകലെ പുഴയിൽ കാര്യമായ വെള്ളമില്ലാത്ത ഭാഗത്തു പാറപ്പുറത്തു കിടക്കുന്ന നിലയിലയിരുന്നു മൃതദേഹം കാണപ്പെട്ടത്.