തൊടുപുഴ: വെള്ളിയാമറ്റം മേത്തൊട്ടിയിൽ നിന്നും കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. പ്രതികൾ പോലീസിന്റെ വലയിലായതായിട്ടാണ് വിവരം. വെള്ളിയാമറ്റം കിഴക്കേമേത്തോട്ടി താന്നിക്കുന്നേൽ സിനോയി(22)യുടെ മ്യതദേഹമാണ് അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അയൽവാസിയായ ഇലഞ്ഞിക്കാട്ടിൽ സന്തോഷ് ബാബുവിന്റെ വീടിനു സമീപത്തെ കിണറ്റിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സന്തോഷിന്റെ കുട്ടിയുടെ നൂലുകെട്ടിന്റെ ഒരുക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായി നടന്ന സദ്യ ഒരുക്കുന്നതിനായി സിനോയി തലേദിവസം രാത്രിയിൽ ഇവരുടെ വീട്ടിലുണ്ടായിരുന്നു.
ഭാര്യയും കുട്ടിയും വീട്ടിൽ തനിച്ചേ ഉള്ളുവെന്ന് പറഞ്ഞു രാത്രിയിൽ സിനോയി വീട്ടിലേക്ക് പോയതായാണ് അയൽവാസികൾ പറഞ്ഞത്. എന്നാൽ നേരം പുലർന്നിട്ടും സിനോയി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് സന്തോഷും സിനോയിയുടെ ഭാര്യയും പിതാവും ചേർന്ന് കാഞ്ഞാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോൾ സന്തോഷിന്റെ കിണറ്റിൽ മ്യതദേഹം കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് പോലീസ് പലരെയും ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകമെന്ന സൂചനകൾ ലഭിച്ചത്. സംഭവത്തിൽ ഒന്നിൽ കൂടുതൽ പേർ ഉള്ളതായി സംശയമുണ്ടെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ഇന്നു പിടി കൂടുമെന്നും കാഞ്ഞാർ പോലിസ് പറഞ്ഞു.