കണ്ണൂർ: കണ്ണൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് സുന്നി നേതാവ് മരിച്ചു.തളിപ്പറന്പ് തിരുവട്ടൂർ സ്വദേശിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ മുശാവറ അംഗവും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.പി അബ്ദു റൗഫ് മുസ്ലിയാർ (60) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 2.30 ഓടെ കണ്ണൂർ കാപ്പിറ്റോൾ മാളിന് സമീപം ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഖത്തറിൽ നിന്ന് നാട്ടിലേക്ക് വരുന്ന മകളെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കൂട്ടിവരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റൗഫ് മുസ്ലിയാരെ കണ്ണൂരില സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കാറിലുണ്ടായ മറ്റുളളവർക്ക് പരിക്കുകളില്ല. തളിപ്പറന്പ് അൽമഖർ പ്രവർത്തക സമിതി അംഗമായ റൗഫ് മുസ്ലിയാർ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റായിരുന്നു. പാനൂർ മോന്താൽ ജുമുഅ മസ്ജിദ്, പുത്തൂർ മർക്കസ്, മുട്ടം ഹസനുൽ ബസ്വരി ദർസ്, ചപ്പാരപ്പടവ് ജുമുഅ മസ്ജിദ്, പട്ടുവം ജുമാമസ്ജിദ്, തളിപ്പറന്പ് ബാഫറി മദ്റസ, ബെംഗളൂരു മർകസ് തുടങ്ങിയ സ്ഥലങ്ങളിൽ ഖത്തീബും മുദർറിസുമായി സേവനം ചെയ്തിരുന്നു.
തളിപ്പറന്പ് ബദരിയ്യ നഗറിലാണ് താമസം. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് സുഹൈൽ (അൽമഖർ ആർട്സ് ആൻഡ് കൊമേഴ്സ് കോളജ് അഡ്മിനിസ്ട്രേറ്റർ), മുഹമ്മദ് സുലൈം (അബുദാബി), സുമയ്യ, മുഹമ്മദ് സുറൈജ് സഖാഫി (ഖത്തർ), നുസൈബ, ജുമാന, ശുഐബ്, ശബാന. മരുമക്കൾ: ദുജാന മംഗര, സൈനബ ചപ്പാരപ്പടവ്, സിറാജുദ്ദീൻ സുഹ്രി (പടന്നക്കര ജുമാ മസ്ജിദ് ഖത്തീബ്), മുബീന മാണിയൂർ, ഹബീബ് കൊട്ടില (തളിപ്പറന്പ അൽഹിദായ മദ്രസാ അധ്യാപകൻ), സൈനുദ്ദീൻ തളിപ്പറന്പ് (ഖത്തർ).
സഹോദരങ്ങൾ: അബ്ദുസലാം മദനി (തിരുവട്ടൂർ), അലി ഹസൻ മുസ്ലിയാർ (പാലത്തുങ്കര), അബ്ദുറഹ്മാൻ സഅദി (ഇരിണാവ്), അബ്ദുൽമജീദ് മദനി (എളംന്പേരംപാറ മഹല്ല് ജമാഅത്ത് പ്രസിഡന്റ്), അബ്ദുഷുക്കൂർ സഅദി തിരുവട്ടൂർ (മദ്റസ സ്വദർ മുഅല്ലിം), അബൂബക്കർ സഅദി (ദുബൈ), അബ്ദുൽ ജബ്ബാർ നിസാമി (ഖത്തീബ്, നീലേശ്വരം), മുജീബ് സൈനി(ദുബൈ), ഫാത്തിമ (തിരുവട്ടൂർ), സൈനബ(തിരുവട്ടൂർ), ഉമ്മു സലമ(വലിയോറ), റഹ്മത്ത് (കാസർഗോഡ്).
കബറടക്കം ഇന്ന് ഉച്ചയോടെ തളിപ്പറന്പ് ജുമുഅ മസ്ജിദ് കബർഥാനിൽ നടക്കും.