അടൂർ: വീടിന്റെ ടെറസില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥി പാരപ്പറ്റ് ഇടിഞ്ഞു വീണു മരിച്ചു. കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് താഴേതില്‍ ശ്രീജത്ത് ഭവനില്‍ ശശാങ്കന് – ശ്രീകുമാരി ദമ്പതികളുടെ മകനായ അഭിജിത്താണ് (14)മരിച്ചത്. അങ്ങാടിക്കല്‍ എസ്എന്‍വി എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. സിമന്റിട്ട് ഉറപ്പിക്കാത്ത പാരപ്പറ്റില്‍ ചാരി നിന്ന് സംസാരിക്കുകയായിരുന്നു അഭിജിത്ത്. കട്ട ഇളകി താഴെ കിണറ്റിന്റെ കരയില്‍ തലയടിച്ചു വീഴുകയായിരുന്നു. പിന്നാലെ പാരപ്പറ്റിലെ മറ്റു കട്ടകളും ഇളകി അഭിജിത്തിന്റെ തലയിലും നെഞ്ചിലും വീണു.
ശബ്ദം കേട്ട് ഓടിയെത്തിയ അമ്മ ശ്രീകുമാരി സംഭവം കണ്ട് ബോധമറ്റ് വീണു. സഹോദരന് ശ്രീജിത്ത് നാട്ടുകാരെ വിളിച്ചു കൂട്ടി അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അഭിജിത്ത് മരിച്ചു. സെനികനായ ശശാങ്കന് നാട്ടിലെത്തിയ ശേഷം മൃതദേഹം സംസ്കരിക്കും. എസ്.എൻ.വി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് ശ്രീജിത്ത്.