ചാരുംമൂട്: ഒരുമിച്ച് കളിക്കൂട്ടുകാരായി പഠിച്ചു വളരുകയും ഒടുവിൽ മരണത്തിലും വേർപിരിയാതെ യാത്രയായ സുഹൃത്തുക്കളായ വിദ്യാർഥികളുടെ വേർപാട് താമരക്കുളം ഗ്രാമത്തെ നൊന്പരത്തിലാഴ്ത്തി. ചാരുംമൂട് താമരക്കുളം പേരൂർ കാരാഴ്മ രാജി നിവാസിൽ രാജ് ആർ. നായരുടെ മകൻ അഖിൽ(19), താമരക്കുളം വേടരപ്ലാവ് കാത്താടെത്ത് മുരളീധരൻ പിള്ളയുടെ മകൻ അരുണ്‍ (19) എന്നിവരുടെ വേർപാടാണ് ഗ്രാമത്തിന് നൊന്പരമായത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ ഇവർ സഞ്ചരിച്ച ബൈക്ക് അഴീക്കലിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും തുടർന്ന് മരത്തിലുമിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും കരുനാഗപ്പള്ളി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ വീട്ടിൽ നിന്നും ബൈക്കിൽ അഴീക്കൽ ബീച്ച് കാണാൻ പോയതായിരുന്നു. ബീച്ചിൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്പോഴായിരുന്നു അപകടം. അഖിലിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിലും, അരുണിന്റെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.
കോട്ടയം കറുകച്ചാൽ ഗ്രിഗോറിയോസ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിലെ കന്പ്യൂട്ടർ എൻജിനീയറിംഗ് വിദ്യാർഥിയായിരുന്നു അഖിൽ. ചലച്ചിത്ര നടൻ വിജയരാഘവന്റെ അടുത്ത ബന്ധുവാണ്. പ്ലസ്ടു പഠനം കഴിഞ്ഞു നിൽക്കുകയാണ് അരുണ്‍.
സമീപവാസികളായ അരുണും അഖിലും കുട്ടിക്കാലം മുതൽ കൂട്ടുകാരാണ്. അഞ്ചാംക്ലാസ് മുതൽ പത്താംക്ലാസ് വരെ ഇരുവരും താമരക്കുളം വിവിഎച്ച്എസിൽ ഒരുമിച്ചായിരുന്നു പഠനം. തുടർന്ന് നൂറനാട് സിബിഎം സ്കൂളിലും പ്ലസ്ടുവിനു ഇരുവരും ഒരുമിച്ചു പഠിച്ചു. ഇപ്പോൾ മരണത്തിലും അവർ വേർപിരിയാതെ യാത്രയായപ്പോൾ നാടിനും സഹപാഠികൾക്കും തീരാനൊന്പരമായി.