ചിറ്റൂർ: അമ്മയേയും മകളെയും വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെങ്കിലും അന്വേഷണം തുടരും. കേണംന്പുള്ളി സുരേഷിന്റെ ഭാര്യ ജയന്തി (38). മകൾ അക്ഷര (17) എന്നിവരാണ് മരിച്ചത്.
ചിറ്റൂർ എസ്ഐ അന്വേഷണം തുടങ്ങി. സെയിൽടാക്സിൽ ജീവനക്കാരനായ സുരേഷ് സംഭവദിവസം വീട്ടിലുണ്ടായിരുന്നില്ല. സുരേഷിന്റെ മറ്റൊരു മകൻ അക്ഷയ് ആണ് അമ്മയും സഹോദരിയേയും കാണാനില്ലെന്നു മൊബൈലിൽ വിളിച്ച് വിവരം അറിയിച്ചത്.സുരേഷ് സമീപവാസികളെ അറിയിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ മൃതദേഹങ്ങൾ വീട്ടുകിണറ്റിൽ കണ്ടെത്തുകയായിരുന്നു.
അക്ഷരയ്ക്ക് പരസഹായം കൂടാതെ എഴുന്നേല്ക്കാനോ പ്രാഥമികാവശ്യങ്ങൾ സ്വയം നടത്താനോ കഴിയുമായിരുന്നില്ല. മകളുടെ ആരോഗ്യപരിപാലനവും മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട് സുരേഷും ജയന്തിയും തമ്മിൽ വീട്ടിൽ വഴക്കും പതിവായിരുന്നു.
ഇക്കാരണങ്ങളിൽ മനംനൊന്ത ജയന്തി മകളെ ചുമന്ന് കിണറ്റിലിട്ടശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും സുരേഷിന്റെ വീട്ടിലെ സിസിടിവിയിൽ ജയന്തി മകളെ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യം കണ്ടെത്തിയതായും ചിറ്റൂർ പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ ഒന്പതിന് ഫയർഫോഴ്സ് ജീവനക്കാരെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.പാലക്കാട് എസ്പി പൂങ്കുഴലി, ചിറ്റൂർ സിഐ വി.ഹംസ, എസ്ഐ പൊന്നുക്കുട്ടി എന്നിവർ സ്ഥലത്തെത്തി ്അന്വേഷണം നടത്തി.