മൂന്നാർ: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂ നഗർ സ്വദേശി വിഘ്നേഷ് (23) ആണ് പിടിയിലായത്. മൂന്നാർ കോളനി ന്യൂ നഗർ സ്വദേശി സൂര്യയെയാ(24)ണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.
മരണത്തിൽ അസ്വാഭാവികതകൾ കണ്ടതോടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ആരും കുറ്റം സമ്മതിച്ചിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം കൊലപാതമാണെന്ന് തെളിഞ്ഞതോടെയാണ് സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴുത്തിൽ കുരുക്ക് മുറുകിയാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ആത്മഹത്യയാണെന്നായിരുന്നു ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നത്. എന്നാൽ, ശരീരത്തിൽ ഉണ്ടായിരുന്ന പരിക്കുകളും മുറിവുകളും സംശയത്തിന് ഇടയാക്കിയിരുന്നു. ശരീരത്തിലും വസ്ത്രത്തിലും ഉണ്ടായിരുന്നു ചോരപ്പാടുകളും സംശയം ബലപ്പെടുത്തി.
സംഭവത്തിൽ യുവാവിന്റെ മാതാവിനെ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നെങ്കിലും ആത്മഹത്യയാണെന്ന നിലപാടിലായിരുന്നു ഇവർ.വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. മദ്യപാന ശീലമുള്ള വിഘ്നേഷ് വീട്ടിൽ വഴക്കിടുക പതിവായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നാർ സിഐ രാജൻ അരമനയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.