ഹരിപ്പാട്: പ്രസവത്തെത്തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു. താമല്ലാക്കല്‍ വടക്ക് കാട്ടില്‍ മാര്‍ക്കറ്റ് മംഗലശേരില്‍ പീതാംബരന്റെ മകള്‍ നീതു(അശ്വതി-27)ആണു മരിച്ചത്. പ്രസവത്തിനായി പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിൽനിന്ന് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കൊളജ് ആശുപത്രിയിലെത്തിച്ച നീതു ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്ക്കു മരിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയ്ക്കാണു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സിസേറിയന് നടത്തി. രണ്ടാമത്തെ പ്രസവമായിരുന്നു. രക്തസ്രാവം നിലയ്ക്കാതെ വന്നതിനാൽ രാത്രി പന്ത്രണ്ടിനു വീണ്ടും ഒരു ഓപ്പറേഷന് കൂടി നടത്തണമെന്നു ബന്ധുക്കളെ അറിയിച്ചു.
പിന്നീട് പുലര്‍ച്ചയോടെ ബന്ധുക്കളെ വിളിച്ചു നില വഷളാണെന്നും കാര്‍ഡിയോളജിസ്റ്റും ഗൈനക്കോളജിസ്റ്റുമുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്നും അതിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയും ചെയ്തു.
എന്നാല്‍ മെഡിക്കല്‍ കോളജില്‍ യാതൊരു അറിയിപ്പും നല്‍കിയിരുന്നില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. നീതുവിനെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ല. സുഖം പ്രാപിച്ചു വരുന്ന ഒരു രോഗിയെ മാറ്റിയിട്ടാണ് നീതുവിനെ വെന്റിലേറ്ററിലാക്കിയത്.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നീതുവിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭര്‍ത്താവ്: സുധീഷ്. മകള്‍: വിസ്മയ(ആറ്). അമ്മ: കോമളവല്ലി. സംഭവം സംബന്ധിച്ച് ബന്ധുക്കള്‍ ഹരിപ്പാട് പോലീസില്‍ പരാതി നൽകി.