കായംകുളം: വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഓട്ടോഡ്രൈവറുടെ മൃതദേഹം. വള്ളികുന്നം കടുവിനാൽ പറങ്കാമൂട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാർ രണ്ട് വർഷമായി പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ ത്തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാൻ ആവശ്യപ്പെട്ടു.
ഇയാൾ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്. വള്ളികുന്നം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ അംബിക. മക്കൾ: സന്ദീപ്, സ്വാതി.