കോതമംഗലം: ഓട്ടോറിക്ഷയിൽ മ്ലാവ് ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മാമലക്കണ്ടം സ്വദേശിക്ക് ദാരുണാന്ത്യം. ഓട്ടോയിലെ യാത്രക്കാരായ മൂന്ന് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മാമലക്കണ്ടം എളംബ്ലാശേരി പറമ്പിൽ പി.എൻ. വിജിൽ (41) ആണ് മരിച്ചത്. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡിൽ കളപ്പാറയിൽ ഇന്നലെ രാത്രി 10 ഓടെയാണ് അപകടം. റോഡരികിൽനിന്നും അപ്രതീക്ഷിതമായി ഓട്ടോറിക്ഷയുടെ മുന്നിലേക്ക് എടുത്തുചാടിയ മ്ലാവ് ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട വാഹനം റോഡിൽ മറിയുകയായിരുന്നു.
വാഹനത്തിനടയിൽപ്പെട്ട വിജിലിനെ വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. മാമലക്കണ്ടം സ്വദേശികളായ കണ്ണപ്പൻ ആലക്കൻ, ജോമോൻ തോമസ്, വി.ഡി. പ്രസാദ് എന്നിവരാണ് വിജിലിനൊപ്പം ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇവർ മൂവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണപ്പൻ ആലക്കന്റെ കൈ മുറിഞ്ഞതിനെ തുടർന്ന് വിജിലിന്റെ ഓട്ടോറിക്ഷയിൽ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം.
ഉടൻ തന്നെ വിജിലിനെ കൂടെയുണ്ടായിരുന്ന മൂന്ന് പേരും വിവരം അറിയിച്ചതിനെ തുർന്ന് സ്ഥലത്തെത്തിയ വനംവകുപ്പിലെ ജീവനക്കാരും ചേർന്ന് കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചു.
വാരിയെല്ലുകൾ ഒടിഞ്ഞ് ആന്തരിക അവയവങ്ങൾക്ക് മുറിവേറ്റ് രക്ത ശ്രാവം ഉണ്ടായ വിജിലിനെ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി രണ്ടോടെ മരണം സംഭവിച്ചു. രാവിലെ പോലീസ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: രമ്യ. മാതാവ്: സരള. മക്കൾ: അതുല്യ (ആറാം ക്ലാസ് വിദ്യാർത്ഥിനി, സെന്റ് അഗസ്റ്റിൻസ് സ്കൂൾ കോതമംഗലം), ആരാധ്യ (എസ്എംഎൽപി സ്കൂൾ, മാമലക്കണ്ടം).