ചിറ്റൂർ: കോഴിപ്പാറയിൽ വീടിന്റെ പിറകിൽ നവജാത ശിശുവിന്റേതെന്ന് കരുതുന്ന മൃതദേഹം കൊഴിഞ്ഞാന്പാറ പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കളെയും ഭാര്യാ മാതാവിനെയും കൊഴിഞ്ഞാന്പാറ പോലീസ് കസ്റ്റഡിയിലെടുത്തു പ്രാഥമിക അന്വേഷണം നടത്തി.
കോഴിപ്പാറ നാലുസെന്റ് കോളനി വേൽമുരുകൻ (29), ഭാര്യ ഗീത (28), ഗീതയുടെ മാതാവ് നാരായണി (55) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് മൂവർക്കുമെതിരെ പോലീസ് കേസെടുത്തു.
പോലീസ് പറയുന്നതിങ്ങനെ:- ഇക്കഴിഞ്ഞ തിങ്കളാഴ്ച ഗീതയുടെ കുഞ്ഞു മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന് നാലുസെന്റ് കോളനി നിവാസികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കോഴിപ്പാറ വേൽമുരുകന്റെ വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടുവളപ്പിലുള്ള തെങ്ങിൻ ചുവട്ടിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു.
ജില്ലാ പോലീസ് അസിസ്റ്റന്റ് സർജൻ ഗുജ്റാൾ, സയന്റിഫിക് ജില്ലാ മേധാവി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൊഴിഞ്ഞാന്പാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഇതിനുശേഷം കുഞ്ഞിന്റെ ശരീരഭാഗങ്ങൾ കൂടുതൽ പരിശോധനനക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. കുഞ്ഞിന്റെ മരണകാരണം വിദഗ്ധ പരിശധനക്ക് ശേഷമേ പറയാനാവൂവെന്ന് പോലീസ് പറഞ്ഞു.
രണ്ടാഴ്ച മുന്‍പ് ആരോഗ്യവകുപ്പിന് കീഴിലുള്ള ആശാ, മറ്റു അങ്കണവാടി ജീവനക്കാരും പതിവുപോലെ നാലുസെന്റ് കോളനിയിൽ ആരോഗ്യപരിശോധനക്കായി ചെന്നിരുന്നു. മറ്റു വീടുകൾക്കൊപ്പം വേൽമുരുകന്റെ വീട്ടിലുമെത്തി ഗീതയോട് ഗർഭകാല വിശേഷം അന്വേഷിച്ചു. ഈ സമയത്ത് ഗീത തനിക്ക് രണ്ടുമാസം ഗർഭം ഉണ്ടായിരുന്നത് അലസിപ്പോയതായാണ് ആരോഗ്യവകുപ്പ് അധികൃതർക്ക് മറുപടി നൽകിയത്. ഈ വിഷയത്തിൽ സംശയം തോന്നിയ ആശാ പ്രവർത്തകർ കോളനി വാസികളോട് അന്വേഷണം നടത്തിയതിൽ ഗീതയുടെ മറുപടി വ്യാജമാണെന്ന് കണ്ടെത്തി.
ഇതിനെ തുടർന്നാണ് നാലുസെന്റ് കോളനിയിലെ താമസക്കാരനായ സുന്ദരൻ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസിൽ പരാതി നൽകിയത്. വേൽമുരുകൻ-ഗീത ദന്പതിമാർക്ക് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്കുട്ടിയുമുണ്ട്്. എന്നാൽ നാലാമത്തെ കുഞ്ഞും പ്രസവിച്ചതും പെണ്‍കുഞ്ഞായതിനാൽ ഇതൊഴിവാക്കാൻ ശ്രമം നടന്നിട്ടുണ്ടാവുമെന്ന് സംശയിക്കുന്നതായാണ് സുന്ദരൻ പോലീസിൽ പറഞ്ഞ പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്.
എന്നാൽ ഗീതയേയും വേൽമുരുകനെയും ചോദ്യം ചെയ്തതിൽ 2018 ഏപ്രിൽ 12നാണ് കുഞ്ഞിനെ തെങ്ങിൻചുവട്ടിൽ കുഴിച്ചിട്ടിരിക്കുന്നതെന്ന് സൂചിപ്പിച്ചിട്ടുണ്ട്്. പെണ്കുഞ്ഞായതിനാലാണോ ഇത്തരത്തിൽ മറവുചെയ്തതെന്ന് അന്വേഷണം നടത്തണമെന്ന് നാട്ടുകാരും ആവശ്യം ഉന്നയിച്ചിട്ടുണ്ട്്. കുഞ്ഞിന്റെ ശരീരഭാഗങ്ങൾ പരിശോധന കഴിഞ്ഞാൽ കസ്റ്റഡിയിലുള്ളവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവുമെന്നും സൂചനയുണ്ട്.