കൊല്ലം: ഗർഭസ്ഥശിശു മരിച്ചത് ചികിത്സാപ്പിഴവെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ നടന്ന വാക്കേറ്റവും ബഹളവും സംഘർഷാവസ്ഥയിലെത്തി. ഒടുവിൽ ഈസ്റ്റ് പോലീസെത്തി ശാന്തമാക്കി.
ഇന്നലെ രാത്രി ഏഴോടെ ഗവ.വിക്ടോറിയ ആശുപത്രിയിലായിരുന്നു സംഭവം.
അഞ്ചാലുംമൂട് സ്വദേശിനിയായ യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചു. പരിശോധനയ്ക്കുശേഷം സർജറി വേണമെന്ന് പറഞ്ഞ് ഡോക്ടർ തീയേറ്ററിലേക്ക് മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചു. തുടർന്ന് ചികിത്സയിലെ പിഴവാണ് കുഞ്ഞ് മരിക്കാനിടയായതെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവും ബന്ധുക്കളും രംഗത്തുവന്നു.
സംഭവം അറിഞ്ഞ് ബിജെപി -യുവമോർച്ചാ പ്രവർത്തകരും ആശുപത്രിയിൽ എത്തി. ഇതേതുടർന്ന് പോലീസ് പരാതിക്കാരുമായി ചർച്ച നടത്തുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തു. നഴ്സുമാരുടേയും ഡോക്ടർമാരുടേയും കടുത്ത അനാസ്ഥയാണ് കുഞ്ഞ് മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം.